ഒമാൻ തീരത്ത് കപ്പലിന് നേരെ വീണ്ടും ആക്രമണം, രണ്ട് ഇന്ത്യൻ നാവികരെ കാണാതായി

News Desk
2 Min Read

ദുബായ്: ഒമാൻ തീരത്ത് കപ്പലിന് നേരെ വീണ്ടും ആക്രമണം. സംഭവത്തിൽ രണ്ട് ഇന്ത്യൻ നാവികരെ കാണാതായി. നിക്കരാഗ്വയുടെ പതാകയേന്തിയ എംടി പെട്രോ ഡോൾഫിൻ എന്ന കപ്പലിന് നേരെ ആണ് ഡ്രോൺ ആക്രമണം ഉണ്ടായത്. 11 ഇന്ത്യൻ ജീവനക്കാരായിരുന്നു കപ്പലിൽ ഉണ്ടായിരുന്നത്.

ഒൻപത് പേരെ രക്ഷപ്പെടുത്തി. ആക്രമണ വിവരം കേന്ദ്ര തുറമുഖ ഷിപ്പിങ് വകുപ്പ് മന്ത്രി സർബാനന്ദ സോനോവാൾ സ്ഥിരീകരിച്ചു. സംഭവത്തിൽ അന്വേഷണം തുടരുന്നതായി ഒമാനിലെ ഇന്ത്യൻ എംബസി അറിയിച്ചു. പശ്ചിമേഷ്യയിൽ സാഹചര്യം സങ്കീർണമാകുന്നതിനിടെ ആണ് ഏറ്റവും പുതിയ ആക്രമണം ഉണ്ടായിരിക്കുന്നത്.

ഞായറാഴ്ച ഇന്ത്യൻ ജീവനക്കാരുമായി സഞ്ചരിച്ച എംടി പെട്രോ ഡോൾഫിൻ എന്ന കപ്പലിന് നേരെ സോഹാർ ആങ്കറേജിൽ വെച്ച് ഡ്രോൺ ആക്രമണമുണ്ടായതായി മന്ത്രി സർബാനന്ദ സോനോവാൾ എക്സിലൂടെ അറിയിച്ചു. ഒമ്പത് ഇന്ത്യൻ ജീവനക്കാരെ വിജയകരമായി രക്ഷപ്പെടുത്തി സുരക്ഷിതമാക്കിയെന്ന് അറിയിച്ച മന്ത്രി, രണ്ട് ഇന്ത്യൻ പൗരന്മാരെ കാണാതായെന്നും വ്യക്തമാക്കി.

പ്രാദേശിക കോസ്റ്റ് ഗാർഡിന്റെ നേതൃത്വത്തിൽ തെരച്ചിലിനും രക്ഷാപ്രവർത്തനത്തിനുമുള്ള ശ്രമങ്ങൾ സജീവമായി നടന്നുവരികയാണെന്നും ഇന്ത്യക്കാരെ കണ്ടെത്തുന്നതിനായുള്ള രക്ഷാപ്രവർത്തനങ്ങളെ പൂർണമായി പിന്തുണയ്ക്കുന്നതിനും ആവശ്യമായ എല്ലാ നടപടികളും ഉറപ്പാക്കുന്നതിനും ബന്ധപ്പെട്ട എല്ലാ അധികാരികളുമായി നിരന്തരം ഏകോപനം നടത്തിവരികയാണെന്നും മന്ത്രി അറിയിച്ചു.

സാഹചര്യങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്ന് ഒമാനിലെ ഇന്ത്യൻ എംബസി അറിയിച്ചു. കപ്പലിലുണ്ടായിരുന്ന 11 ഇന്ത്യൻ ജീവനക്കാരിൽ രണ്ടുപേരെ കാണാതായതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കാണാതായവരെ കണ്ടെത്താൻ ബന്ധപ്പെട്ട അധികാരികളുമായി നിരന്തരം സമ്പർക്കം പുലർത്തുന്നുണ്ടെന്നും എംബസി അറിയിച്ചു. ആക്രമണത്തെ കേന്ദ്ര വിദേശകാര്യ മന്ത്രാലയം അപലപിച്ചു.

ഇന്ത്യൻ നാവികരുടെ സുരക്ഷയ്ക്കാണ് സർക്കാർ പ്രഥമ പരിഗണന നൽകുന്നതെന്നും മേഖലയിലെ വാണിജ്യ കപ്പലുകൾക്ക് നേരെ ആവർത്തിച്ചുണ്ടാകുന്ന ആക്രമണങ്ങൾ അതീവ ആശങ്കാജനകമാണെന്നും വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു. ഇത് നിലവിൽ വഷളായിരിക്കുന്ന സാഹചര്യത്തെ കൂടുതൽ വഷളാക്കാൻ ഇടയാക്കുമെന്നും ചർച്ചകളിലൂടെയും നയതന്ത്രത്തിലൂടെയും നിലവിലുള്ള സംഘർഷത്തിന് അടിയന്തരമായി പരിഹാരം കാണണമെന്നും സാഹചര്യം ശാന്തമാക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു.

വാണിജ്യ കപ്പലുകൾ, നാവികർ, സിവിലിയൻ അടിസ്ഥാന സൗകര്യങ്ങൾ എന്നിവയ്ക്ക് നേരെയുള്ള ആക്രമണങ്ങൾ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട മന്ത്രാലയം, അന്താരാഷ്ട്ര നിയമങ്ങൾക്ക് അനുസൃതമായി, അന്താരാഷ്ട്ര ജലപാതകളിലൂടെയുള്ള സുരക്ഷിതവും തടസ്സമില്ലാത്തതുമായ സമുദ്ര വാണിജ്യവും കപ്പൽ ഗതാഗത സ്വാതന്ത്ര്യവും ഉറപ്പാക്കേണ്ടതുണ്ടെന്നും പറഞ്ഞു.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!