പ്രവാസികൾക്ക് ഇരുട്ടടി: ഇൻഡിഗോയ്ക്ക് പിന്നാലെ നിരക്കുവർ‌ധ‌നവുമായി എയർ ഇന്ത്യയും

News Desk
1 Min Read

അബുദാബി: ഇൻഡിഗോയ്ക്ക് പിന്നാലെ എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും മധ്യപൂർവദേശത്തേക്കുള്ള സർവീസുകളുടെ ഇന്ധന സർചാർജ് 50 ഡോളർ (4843 രൂപ) വർധിപ്പിച്ചു. ഇതോടെ യുഎഇ ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളിൽനിന്ന് ഇന്ത്യയിലേക്കും തിരിച്ചുമുള്ള യാത്രയുടെ ചെലവ് വീണ്ടും ഉയരും. ഇന്നു മുതൽ ബുക്ക് ചെയ്യുന്ന ടിക്കറ്റുകൾക്കാണ് വർധന ബാധകമാകുക. എയർ ഇന്ത്യ എക്സ്പ്രസിൽ പുലർച്ചെ മുതൽ പുതുക്കിയ നിരക്ക് നിലവിൽ വന്നു.

 എയർ ഇന്ത്യയിൽ രാവിലെ 11 മുതൽ വർധിച്ച നിരക്ക് പ്രാബല്യത്തിൽ വരും. യാത്ര ചെയ്യുന്ന റൂട്ടിനും മേഖലയ്ക്കും അനുസരിച്ച് സർചാർജിൽ വ്യത്യാസമുണ്ടാകും. വിമാന ഇന്ധനവിലയിലെ കുതിപ്പും പ്രവർത്തനച്ചെലവിലെ വർധനയുമാണ് നിരക്ക് കൂട്ടാൻ കാരണമെന്ന് ഇരു കമ്പനികളും അറിയിച്ചു.

അടുത്തിടെ മധ്യപൂർവദേശത്തെ സംഘർഷത്തെ തുടർന്ന് ആഗോള ഇന്ധനവിലയിൽ വലിയ ചാഞ്ചാട്ടമുണ്ടായതും വിമാനക്കമ്പനികളുടെ ചെലവ് ഉയർത്തിയിരുന്നു. ഈ ആഴ്ച ആദ്യം ഇൻഡിഗോയും മധ്യപൂർവദേശത്തേക്കുള്ള റൂട്ടുകളിൽ 55 ഡോളർ (5327 രൂപ) വർധിപ്പിച്ചിരുന്നു. മൂന്ന് പ്രധാന ഇന്ത്യൻ വിമാനക്കമ്പനികളും നിരക്ക് ഉയർത്തിയതോടെ മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യക്കാർക്ക് നാട്ടിലേക്കും തിരിച്ചുമുള്ള യാത്രയ്ക്ക് ചെലവേറും.

….

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!