അടൂർ പ്രകാശിന്റെ പരാതി; കഴമ്പുണ്ടെന്ന് ഹൈക്കമാൻഡ്, 12 അംഗ ഏകോപനസമിതി ഉടൻ

News Desk
1 Min Read

തിരുവനന്തപുരം: സർക്കാർ പ്രവർത്തനം സംബന്ധിച്ച് പാർട്ടിയുമായി കൂടിയാലോചന ഉറപ്പാക്കാൻ എ.ഐ.സി.സി. നിർദേശം. സർക്കാർ തീരുമാനങ്ങൾ പലതും അറിയുന്നില്ലെന്ന യു.ഡി.എഫ്. കൺവീനർ അടൂർ പ്രകാശിന്റെ പരാതികൂടി കണക്കിലെടുത്താണിത്. ഏകോപനസമിതി ഉടൻ രൂപവത്കരിക്കാനാണ് ഹൈക്കാൻഡ് ആവശ്യപ്പെട്ടിട്ടുള്ളത്.

ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്തുണ്ടായിരുന്ന 12 അംഗ സമിതിയുടെ ഘടന തുടരാനാണ് ആലോചന. കോൺഗ്രസ് പ്രവർത്തകസമിതി അംഗങ്ങളെന്ന നിലയിൽ മന്ത്രി രമേശ് ചെന്നിത്തല, കൊടിക്കുന്നിൽ സുരേഷ് എന്നിവർ സമിതിയിലുണ്ടാകും. കേരളത്തിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറി ദീപാ ദാസ്മുൻഷിയും കെ.പി.സി.സി. മുൻ പ്രസിഡന്റുമാരും സമിതിയുടെ ഭാഗമാകും.

ജനറൽസെക്രട്ടറി കെ.സി. വേണുഗോപാൽ സമിതിയിലുണ്ടാകില്ലെന്നാണ് സൂചന. അടൂർ പ്രകാശ് ഉന്നയിച്ച പരാതി ഗൗരവമുള്ളതാണെന്ന അഭിപ്രായമാണ് മുതിർന്ന നേതാക്കൾക്കുള്ളത്. അത് പ്രകടിപ്പിക്കാൻ സ്വീകരിച്ച വഴിയും സമയവും സ്ഥലവും ഉചിതമായില്ലെന്നാണ് അവർ ചൂണ്ടിക്കാട്ടുന്നത്.

പ്രതിപക്ഷനീക്കം കരുതിയിരിക്കണം

പാർട്ടിയിൽ ഉൾപ്പോരും അഭിപ്രായഭിന്നതയും തലപൊക്കിയ സാഹചര്യത്തിൽ 13-ന് കെ.പി.സി.സി. ഭാരവാഹികളുടെ യോഗം വിളിച്ചു. ജില്ലാ പ്രസിഡന്റുമാരെക്കൂടി പങ്കെടുപ്പിക്കും. സർക്കാരിനെതിരേയുള്ള വിമർശനവും സമരവുമായി പ്രതിപക്ഷം കൂടുതൽ ശക്തമായി രംഗത്തുണ്ടാകുമെന്ന് കോൺഗ്രസ് കണക്കാക്കുന്നു. ഇതിനെ നേരിടാനുള്ള ആസൂത്രണം കെ.പി.സി.സി.യും തീരുമാനങ്ങളുടെ ഏകോപനം സർക്കാർ-പാർട്ടി ഏകോപനംസമിതിയും ഉണ്ടാക്കണമെന്നാണ് തീരുമാനം.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!