അൽ ഐൻ: ദുബായ് ഡ്യൂട്ടി ഫ്രീയുടെ മില്ലേനിയം മില്യനയർ (സീരീസ് 559) നറുക്കെടുപ്പിൽ മലയാളിക്ക് 10 ലക്ഷം ഡോളർ (ഏകദേശം 8.3 കോടിയിലേറെ ഇന്ത്യൻ രൂപ) സമ്മാനം ലഭിച്ചു. അൽ ഐനിൽ താമസിക്കുന്ന നിർമാണക്കമ്പനിയിലെ സീനിയർ എസ്റ്റിമേഷൻ എൻജിനീയറായ ഷഹീൻ സഹില ബഷീർ മുഹമ്മദാണ് വൻ തുക സ്വന്തമാക്കിയത്.
കഴിഞ്ഞ 11 വർഷമായി അപൂർവമായി ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പുകളിൽ പങ്കെടുക്കാറുള്ള ഷഹീൻ സെപ്റ്റംബർ 11നാണ് ഓൺലൈൻ വഴി ഭാഗ്യ ടിക്കറ്റായ 3097 എടുത്തത്. ഈ മാസം 16ന് തന്റെ 39-ാം പിറന്നാൾ ആഘോഷിക്കാനിരിക്കെയാണ് ഈ വലിയ സമ്മാനം തേടിയെത്തിയത്. ഇതൊരു നേരത്തെയുള്ള പിറന്നാൾ സമ്മാനമാണെന്നും സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ സഹായിച്ച ദുബായ് ഡ്യൂട്ടി ഫ്രീയ്ക്ക് നന്ദി അറിയിക്കുന്നതായും അദ്ദേഹം പ്രതികരിച്ചു.
ആറു വർഷമായി യുഎഇയിലുള്ള ഷഹീൻ അബുദാബി മുസഫയിലെ പ്രമുഖ നിർമാണക്കമ്പനിയിലാണ് ജോലി ചെയ്യുന്നത്. ലഭിച്ച സമ്മാനത്തുക ഉപയോഗിച്ച് താൻ ജീവിക്കുന്ന നഗരത്തിൽ സ്വന്തമായി ഒരു വീട് വാങ്ങുമെന്നും ബാക്കി തുക മകളുടെ ഭാവിയിലെ വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി മാറ്റിവയ്ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
അതേദിവസം തന്നെ നടന്ന ഫൈനസ്റ്റ് സർപ്രൈസ് (സീരീസ് 680) നറുക്കെടുപ്പിൽ മറ്റു രണ്ടുപേർക്ക് ലക്ഷ്വറി വാഹനങ്ങൾ ലഭിച്ചു. ഇതിൽ ഒരു മലയാളി കൂടി ഭാഗ്യനേട്ടം കൊയ്തു. ദുബായ് കരാമയിൽ ഫോൺ അക്സസറീസ് സ്ഥാപനത്തിൽ ജോലി ചെയ്യുന്ന തൃശൂർ സ്വദേശിയായ 65-കാരൻ സീയാലി ഷംസുദ്ദീനാണ് ‘ഏപ്രിൽ യാ ടുവോണോ’ സൂപ്പർ ബൈക്ക് സമ്മാനമായി ലഭിച്ചത് (ടിക്കറ്റ് നമ്പർ: 0270). മൂന്ന് മക്കളുടെ പിതാവായ സീയാലി അപ്രതീക്ഷിതമായി ലഭിച്ച ഈ ഭാഗ്യനേട്ടത്തിൽ ഫോൺ വഴി ദുബായ് ഡ്യൂട്ടി ഫ്രീയോട് നന്ദി അറിയിച്ചു. മറ്റൊരു നറുക്കെടുപ്പിൽ ഇറാഖ് സ്വദേശിയായ ആര്യ മുസ്തഫ ബിഎംഡബ്ല്യു എക്സ്6 എം കാർ സ്വന്തമാക്കി.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
