ന്യൂഡൽഹി: ഭാര്യയുടെ വീട്ടുകാരുടെ പീഡനം സഹിക്കാൻ കഴിയാതെ ഫെസ്ബുക്കിൽ ലൈവിൽ ആത്മഹത്യാക്കുറിപ്പ് കാണിച്ച് ഗംഗാനദിയിൽ ചാടി ജീവനൊടുക്കാൻ ശ്രമിച്ച യുവാവിനെ മത്സ്യത്തൊഴിലാളികൾ രക്ഷിച്ചു. ഉത്തർപ്രദേശിലെ കൗശംബി ജില്ലയിലാണ് സംഭവം. അങ്കിത് കുമാർ എന്ന 26കാരനാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. നദിയിൽ ചാടിയ ഉടനെ മത്സ്യത്തൊഴിലാളികൾ ഇയാളെ രക്ഷിക്കുകയായിരുന്നു.
രാം വൻ ഗമൻ പഥിലെ ഗംഗാ പാലത്തിന് സമീപമാണ് സംഭവം. ഇയാൾ നദിയിൽ ചാടുന്നതിന് മുമ്പ് ഫെസ്ബുക്കിൽ ലൈവിട്ട് രണ്ട് പേജുള്ള ആത്മഹത്യാക്കുറിപ്പ് കാണിക്കുകയും ഭാര്യയും വീട്ടുകാരും നിരന്തരമായ പീഡിപ്പിക്കുന്നുവെന്നും ഇത് കാരണം താൻ ആത്മഹത്യ ചെയ്യാൻ പോകുകയാണെന്നുമായിരുന്നു ഇയാൾ വീഡിയോയിൽ പറഞ്ഞത്.
രാജേഷ്, സോനു, ലവ്കുഷ്, പന്നാ ലാൽ, ശിവ്ദാനി, പീയുഷ് എന്നിവർ തന്നെ ഭീഷണിപ്പെടുത്തിയതായും യുവാവ് വീഡിയോയിൽ പറയുന്നുണ്ട്. ഒരു വർഷം മുമ്പ് താൻ പൊലീസിൽ പരാതി നൽകിയിരുന്നെന്നും യുവാവ് വീഡിയോയിൽ വ്യക്തമാക്കുന്നുണ്ട്.
ഒന്നര വർഷം മുമ്പാണ് ഇരുവരുടേയും വിവാഹം കഴിഞ്ഞത്. ഒരു കുട്ടിയുമുണ്ട്. ഫോണിന്റെ പേരിലുണ്ടായ തർക്കത്തെത്തുടർന്ന് ഭാര്യ കുട്ടിയെ കൂട്ടി സ്വന്തം വീട്ടിലേക്ക് പോയിരുന്നു. ഇതിന് പിന്നാലെ ഭാര്യയുടെ പിതാവും സഹോദരനും ചേർന്ന് മർദിച്ചിരുന്നു, ഇത് സഹിക്കാൻ കഴിയാതെയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്നാണ് പൊലീസിന്റ കണ്ടെത്തൽ. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
..
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
