‘യെമൻ-സഊദി സംഘർഷത്തിൽ യുഎസ് ഇടപെട്ടാൽ പശ്ചിമേഷ്യയിലെ അമേരിക്കൻ കേന്ദ്രങ്ങളെ ആക്രമിക്കും’: ഹൂതികൾ

News Desk
1 Min Read

സന: യെമന്‍ സംഘര്‍ഷത്തില്‍ യുഎസിന് മുന്നറിയിപ്പ് നല്‍കി ഹൂതി. സൗദി അറേബ്യയെ പിന്തുണച്ച് യെമനിലെ സംഘര്‍ഷത്തില്‍ പ്രവേശിച്ചാല്‍ മിഡില്‍ ഈസ്റ്റിലെ യുഎസ് സൈനിക താവളങ്ങൾ ആക്രമിക്കാന്‍ ഹൂതികള്‍ മടിക്കില്ലെന്നാണ് മുന്നറിയിപ്പ്. യെമന്‍ യുദ്ധത്തില്‍ അമേരിക്ക സഹായം നല്‍കിയാല്‍ യുഎസിനെതിരെ ആക്രമണം നടത്തുമെന്ന് വ്യക്തമാക്കിയാണ് ഹൂതി സൈനികന്‍ രംഗത്തെത്തിയത്.

‘അമേരിക്ക തങ്ങളുടെ കപ്പലുകളില്‍ സൈനികമായി ഇടപെടാന്‍ ധൈര്യപ്പെടുകയോ ബാബ് അല്‍-മന്ദേബിന്റെ നിയന്ത്രണം ഏറ്റെടുക്കാന്‍ ശ്രമിക്കുകയോ ചെയ്താല്‍, ഞങ്ങള്‍ അതിനെതിരെ പോരാടും എന്നാണ് ഹൂതി സൈനികനെ ഉദ്ധരിച്ച് എഎഫ്പി വാര്‍ത്താ ഏജന്‍സി റിപ്പോർട്ട് ചെയ്യുന്നത്.

വ്യോമാക്രമണങ്ങളിലൂടെയോ വ്യോമ പിന്തുണയിലൂടെയോ സൗദി അറേബ്യയെ പിന്തുണയ്ക്കുന്നതില്‍ അമേരിക്ക ശ്രമം നടത്തിയാല്‍ നമ്മുടെ ചുറ്റുമുള്ള ഏതൊരു അമേരിക്കന്‍ താല്‍പ്പര്യങ്ങളെയും ഞങ്ങള്‍ ലക്ഷ്യം വെയ്ക്കുമെന്നും ഹൂതി പ്രതിനിധി വ്യക്തമാക്കി. ഹൂതികള്‍ക്കെതിരെ അമേരിക്ക ആക്രമണം നടത്താന്‍ ശ്രമിച്ചതായും അവസാന നിമിഷം പദ്ധതി പിന്‍വലിച്ചതായും ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഹൂതികളുടെ പ്രതികരണമുണ്ടായത്.

അതേസമയം, ഹൂതികള്‍ അമേരിക്കയെ ആക്രമിക്കില്ലെന്ന് സമ്മതിച്ചതായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പറഞ്ഞിരുന്നു. ഇറാന്റെ സഖ്യകക്ഷിയായ യെമനിലെ ഹൂതികള്‍ യുഎസ് സഖ്യകക്ഷിയായ സൗദി അറേബ്യയ്ക്കെതിരെ യുദ്ധം ശക്തമാക്കിയിട്ടുണ്ടെങ്കിലും അമേരിക്കയ്ക്ക് എതിരെ ആക്രമണം നടത്തില്ലെന്നാണ് ട്രംപ് കഴിഞ്ഞ ദിവസം അവകാശപ്പെട്ടത്.

അമേരിക്കയും ഇസ്രയേലും ഇറാനെതിരെ ആക്രമണം ആരംഭിച്ചതിന് പിന്നാലെയാണ് സൗദി അറേബ്യയും ഹൂതികളും തമ്മിലുള്ള പോരാട്ടം പുതിയ സംഘർഷമേഖലയായി മാറിയത്. അമേരിക്ക നേരിട്ട് ഹൂതികൾക്കെതിരെ സൈനിക ഇടപെടൽ നടത്തണമെന്ന സൗദി അറേബ്യയുടെ ആവശ്യങ്ങൾ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ആദ്യം തള്ളിക്കളഞ്ഞിരുന്നു.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!