സിംഗപ്പൂര്‍/യാമ്പു: ഡ്രോണ്‍ ആക്രമണങ്ങളെ തുടര്‍ന്ന് സെപ്തംബര്‍ 13ന് താത്കാലികമായി നിര്‍ത്തിവെച്ച കിഴക്ക്-പടിഞ്ഞാറന്‍ പൈപ്പ്ലൈനില്‍ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിച്ച് സഊദി അറേബ്യ. ചൊവ്വാഴ്ച വൈകിട്ടോടെ ചെങ്കടല്‍ തുറമുഖമായ യാമ്പുവില്‍ നിന്നുള്ള കയറ്റുമതിയും പുനരാരംഭിക്കുമെന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപോര്‍ട്ട് ചെയ്തു.
1,200 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പൈപ്പ്ലൈന് അടച്ചതിനെ തുടര്‍ന്ന് യാമ്പു തുറമുഖത്ത് നിന്ന് ക്രൂഡ് ഓയില്‍ ലോഡിംഗ് നിര്‍ത്തിവച്ചത് യൂറോപ്യന്‍ രാജ്യങ്ങളിലേക്കുള്ള എണ്ണ വിതരണത്തെ സാരമായി ബാധിച്ചിരുന്നു. ക്രൂഡ് ഓയില്‍ കയറ്റുമതി പുനഃരാരംഭിച്ചതോടെ ആഗോള എണ്ണ വിപണിയില്‍ വില്‍പ്പന സമ്മര്‍ദമുണ്ടായതായി വ്യാപാരികള്‍ പറഞ്ഞു. ഇതോടെ ബ്രെന്റ് ക്രൂഡ് ഫ്യൂച്ചറുകളുടെ വില ബാരലിന് രണ്ട് ഡോളറിലധികം കുറഞ്ഞ് സെപ്തംബര്‍ എട്ടിന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയിലെത്തി.
ഇറാനെതിരായ യു എസ്-ഇസ്റാഈല്‍ സംഘര്‍ഷത്തെ തുടര്‍ന്ന് ഹോര്‍മുസ് കടലിടുക്ക് വഴിയുള്ള എണ്ണ നീക്കത്തില്‍ തടസ്സമുണ്ടായതോടെ, ഒപെക് രാജ്യങ്ങളിലെ പ്രധാന എണ്ണ കയറ്റുമതിക്കാരായ സഊദി അറേബ്യ പ്രതിദിനം നാല് ദശലക്ഷം ബാരല്‍ എണ്ണ (ആഗോള എണ്ണ വിതരണത്തിന്റെ ഏകദേശം നാല് ശതമാനം) കിഴക്ക്-പടിഞ്ഞാറന്‍ പൈപ്പ്ലൈന് വഴിയായിരുന്നു യാമ്പുവിലേക്ക് എത്തിച്ചിരുന്നത്.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
