ജിദ്ദ: സൗദിയിൽ അതിവേഗം വളരുന്ന ലുലു ഗ്രൂപ്പിന്റെ സാന്നിധ്യം രാജ്യത്തെ ഗ്യാസ് സ്റ്റേഷനുകളിലേക്കും വർധിപ്പിക്കുന്നു. സൗദിയിലെ പെട്രോമിന്റെ സ്റ്റേഷനുകളിലാണ് ലുലുവിന്റെ സ്റ്റോറുകൾ തുറക്കുന്നത്. ഇത് സംബന്ധിച്ച ധാരണാ പത്രത്തിൽ പെട്രോമിനും ലുലു ഗ്രൂപ്പും ചേർന്ന് ഒപ്പുവെച്ചു. സൗദിയിലെ ഓരോ പ്രദേശങ്ങളിലും ഗ്രൂപ്പിനെ എത്തുക്കുകയാണ് പദ്ധതിയിലൂടെ ലുലു.
സൗദിയിലെ അൽ ദബ്ബാഗ് ഗ്രൂപ്പിന്റെ കീഴിലുള്ള പ്രമുഖ ഊർജ, മൊബിലിറ്റി കമ്പനിയായ പെട്രോമിനും, രാജ്യത്തെ പ്രമുഖ റീട്ടെയ്ൽ ശൃംഖലകളിൽ ഒന്നായ ലുലു ഗ്രൂപ്പുമാണ് കൈകോർത്തത്. ഇതോടെ സൗദിയിലുടനീളമുള്ള പെട്രോമിൻ ഗ്യാസ് സ്റ്റേഷൻ ലൊക്കേഷനുകളിൽ 10 ലുലു സ്വിഫ്റ്റ് സ്റ്റോറുകൾ തുറക്കാനായി പെട്രോമിനും ലുലു ഗ്രൂപ്പും ധാരണാപത്രത്തിൽ ഒപ്പുവെച്ചു. ജിദ്ദയിൽ നടന്ന ചടങ്ങിൽ ലുലു സൗദി ഹൈപ്പർമാർക്കറ്റ് ഡയറക്ടർ മുഹമ്മദ് ഹാരിസും, പെട്രോമിൻ എനർജി സി.ഇ.ഒ അമിത് വാംഖഡെയുമാണ് ധാരണാപത്രത്തിൽ ഒപ്പുവെച്ചത്. അൽ ദബ്ബാഗ് ഗ്രൂപ്പ് ചെയർമാനും സൗദി ജനറൽ ഇൻവെസ്റ്റ്മെന്റ് അതോറിറ്റിയുടെ മുൻ ഗവർണറുമായ എച്ച്.ഇ. അമർ അൽ ദബ്ബാഗ് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലിയുടെയും സാന്നിധ്യത്തിലായിരുന്നു ചടങ്ങ്.
ധാരണാപത്രം പ്രകാരം ആറ് ലുലു സ്വിഫ്റ്റ് സ്റ്റോറുകൾ ജിദ്ദയിലും നാലെണ്ണം റിയാദിലും തുറക്കും. ലുലുവിന്റെ കൺവീനിയൻസ് റീട്ടെയിൽ സാന്നിധ്യം വിപുലീകരിക്കുന്നതിനുള്ള സുപ്രധാന ചുവടുവെയ്പ്പ് കൂടിയാണിത്.
സൗദി അറേബ്യയുടെ വിഷൻ 2030 ലക്ഷ്യങ്ങളോട് ചേർന്ന് കൊണ്ട് വിശ്വസനീയവും സൗകര്യപ്രദവുമായ റീട്ടെയ്ൽ അനുഭവം ഉപഭോക്താക്കൾക്ക് ലഭ്യമാക്കുക എന്നതാണ് ഈ പങ്കാളിത്തത്തിന് പിന്നിലുള്ള പൊതുലക്ഷ്യമെന്ന് ഇരു സ്ഥാപനങ്ങളുടെയും പ്രതിനിധികൾ വ്യക്തമാക്കി. പുതിയ കാലത്തെ ഉപഭോക്താക്കൾക്കായി വേഗതയേറിയതും തടസ്സമില്ലാത്തതുമായ ഷോപ്പിങ് അനുഭവം എപ്പോഴും എവിടെയും പ്രദാനം ചെയ്യുക എന്ന ആശയത്തിലാണ് സ്വിഫ്റ്റ് കൺവീനിയൻസ് സ്റ്റോറുകൾക്ക് ലുലു ഗ്രൂപ്പ് നേരത്തെ തുടക്കം കുറിച്ചിരുന്നത്. പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ, വേഗതയ്ക്കും സൗകര്യത്തിനുമാണ് സ്വിഫ്റ്റിന്റെ മുൻഗണന.
സൗദി അരാംകോയും എക്സോൺ മൊബീലും തമ്മിലുള്ള സംയുക്ത സംരംഭമായി 1968-ൽ പെട്രോലുബ് എന്ന പേരിലാണ് പെട്രോമിൻ ആദ്യം സ്ഥാപിതമായത്. സൗദിയിലെ പ്രമുഖ ഗ്രൂപ്പായ അൽ ദബ്ബാഗ് ഏറ്റെടുത്തതോടെ, പെട്രോമിൻ ഈ മേഖലയിലെ പ്രമുഖ മൊബിലിറ്റി സൊല്യൂഷൻ ദാതാക്കളിൽ ഒരാളായി വളരുകയായിരുന്നു. അടുത്തിടെ സൗദി അറേബ്യയ്ക്ക് പുറമെ യുഎഇ, മൊറോക്കോ, പാകിസ്താൻ എന്നിവിടങ്ങളിലേക്കും വിപുലീകരിച്ചത് കമ്പനിയുടെ പ്രവർത്തനത്തിലെ ഒരു സുപ്രധാന നാഴികക്കല്ലായി. സൗദി അറേബ്യയിലുടനീളം നിലവിൽ പെട്രോമിന് 80-ലധികം ഗ്യാസ് സ്റ്റേഷനുകളുണ്ട്. പ്രാരംഭ ഘട്ടത്തിലെ 10 കേന്ദ്രങ്ങൾക്ക് പുറമേ, രാജ്യത്തെ റീട്ടെയ്ൽ, മൊബിലിറ്റി രംഗത്തെ സഹകരണത്തിലൂടെ സാന്നിധ്യം കൂടുതൽ ശക്തമാക്കാനുള്ള ആലോചനയിലാണ് പെട്രോമിനും ലുലു ഹൈപ്പർമാർക്കറ്റും.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
