റിയാദ് കെ എം സി സി സാമൂഹ്യ സുരക്ഷ പദ്ധതി വിജയിപ്പിക്കും: കോട്ടക്കല്‍ മണ്ഡലം കെ എം സി സി

News Desk 03
1 Min Read

റിയാദ്: പ്രവാസികള്‍ക്ക് താങ്ങും തണലുമായ റിയാദ് കെ എം സി സി സെന്‍ട്രല്‍ കമ്മിറ്റിയുടെ സാമൂഹ്യ സുരക്ഷ പദ്ധതി വിജയിപ്പിക്കാന്‍ റിയാദ് – കോട്ടക്കല്‍ മണ്ഡലം കെ എം സി സി യോഗം തീരുമാനിച്ചു. പദ്ധതിയുടെ വിജയത്തിനായി മൊയ്തീന്‍ കോട്ടക്കല്‍, ഫാറൂഖ് പൊന്‍മള എന്നിവരെ മണ്ഡലം കോര്‍ഡിനേറ്റര്‍മാരായി  തെരെഞ്ഞെടുത്തു. മലപ്പുറം ജില്ല കെ എം സി സി വൈസ് പ്രസിഡന്റ് മൊയ്തീന്‍ കുട്ടി പൊന്‍മള യോഗം ഉദ്ഘാടനം ചെയ്തു. മണ്ഡലം കെ എം സി സി പ്രസിഡണ്ട് ബഷീര്‍ മുല്ലപ്പള്ളി അധ്യക്ഷത വഹിച്ചു.

എട്ടാം വര്‍ഷത്തിലേക്ക് കടന്ന റിയാദ് കെ എം സി സി യുടെ സാമൂഹ്യ സുരക്ഷ പദ്ധതി 2026-27 കാമ്പയിനിന്റെ ഉദ്ഘാടനം സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് സി. പി മുസ്തഫ  നിര്‍വ്വഹിച്ചിരുന്നു. സെപ്റ്റംബര്‍ 30 ന് കാമ്പയിന്‍ അവസാനിക്കും. 18 വയസ്സ് പൂര്‍ത്തിയായവരും 60 വയസ്സ് കവിയാത്തവരുമായ റിയാദില്‍ ജോലി ചെയ്യുന്ന പ്രവാസികള്‍ക്ക് കെ എം സി സി സാമൂഹ്യ സുരക്ഷ പദ്ധതിയില്‍ അംഗമാവാന്‍ കഴിയും. പ്രവാസിയായിരിക്കെ റിയാദില്‍ നിന്നും അംഗത്വം എടുത്തിട്ടുള്ള നാട്ടില്‍ സ്ഥിര താമസമാക്കിയവര്‍ക്ക് അംഗത്വം പുതുക്കാന്‍ കഴിയും.

പദ്ധതി കാലയളവില്‍ മരണപ്പെടുന്ന പ്രവാസി കുടുംബങ്ങള്‍ക്ക് സാമ്പത്തിക സഹായം ലഭിക്കും. അതോടൊപ്പം കാന്‍സര്‍, കിഡ്നി രോഗം, ഹൃദ്രോഗം തുടങ്ങിയ മാരക രോഗങ്ങള്‍ ബാധിച്ച പ്രവാസികള്‍ക്ക് ചികിത്സ സഹായവും ലഭിക്കും.

കഴിഞ്ഞ ഏഴ് വര്‍ഷത്തനിടയില്‍ ‍കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള നൂറുക്കണക്കിന് പ്രവാസി കുടുംബങ്ങളെ ചേര്‍ത്ത് നിര്‍ത്തുവാന്‍ റിയാദ് കെ എം സി സി യുടെ സാമൂഹ്യ സുരക്ഷ പദ്ധതിക്ക് സാധിച്ചിട്ടുണ്ടെന്നും അഞ്ച് കോടിയിലധികം രൂപ പദ്ധതി വഴി നല്‍കാന്‍ കഴിഞ്ഞിട്ടുണ്ടെന്നും സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി ഷുഐബ് പനങ്ങാങ്ങര പറഞ്ഞു. റിയാദിലെ മുഴുവന്‍ കെ എം സി സി പ്രവര്‍ത്തകരും സാമുഹ്യ സുരക്ഷ പദ്ധതി കാമ്പയിന്‍ വിജയിപ്പിക്കാന്‍ പരിശ്രമിക്കണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article