വാഹന പരിശോധനയ്ക്കിടെ പോലീസുകാരനെ കുത്തിക്കൊല്ലാൻ ശ്രമം: 3 യുവാക്കൾ പിടിയിൽ

News Desk
1 Min Read

കാസര്‍കോട്: പുതിയ ബസ് സ്റ്റാൻ‍ഡ് പരിസരത്ത് വാഹനപരിശോധനയ്‌‍ക്കിടെ പൊലീസുകാരനെ കുത്തിക്കൊല്ലാന്‍ ശ്രമം. എആര്‍ ക്യാംപിലെ പൊലീസുകാരനായ സന്ദീപിനാണ് കുത്തേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് മൂന്നു യുവാക്കളെ ടൗൺ പൊലീസ് പിടികൂടി. ബദിയഡുക്ക നെക്രാജെ സ്വദേശികളായ സഫ്‌വാന്‍, അമീര്‍, കാഞ്ഞങ്ങാട് കല്ലൂരാവി സ്വദേശി മുഹമ്മദ് ഷെമീന്‍ എന്നിവരാണ് പിടിയിലായത്.

ചൊവ്വ പുലര്‍ച്ചെ ഒന്നരയോടെ കാസര്‍കോട് പുതിയ ബസ് സ്റ്റാൻഡ് പരിസരത്തായിരുന്നു സംഭവം. കണ്‍ട്രോള്‍ റൂം എസ്‌ഐയുടെ നേതൃത്വത്തില്‍ പൊലീസ് സംഘം വാഹനപരിശോധന നടത്തുന്നതിനിടെ കറന്തക്കാട് ഭാഗത്തുനിന്നും ഹെല്‍മറ്റ് ധരിക്കാതെ ബൈക്കിലെത്തിയ മൂന്നംഗ സംഘത്തെ പൊലീസ് തടഞ്ഞുനിര്‍ത്തുകയായിരുന്നു.

പരിശോധനയ്ക്കിടെ ഇവര്‍ പൊലീസുകാരോട് തട്ടിക്കയറുകയും കയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്തു. ഇത് തടയാനെത്തിയ പൊലീസുകാരനായ സന്ദീപിന്റെ കഴുത്തിനു നേരെ ബൈക്ക് യാത്രക്കാരിലൊരാള്‍ കത്തിയെടുത്ത് കുത്താന്‍ ശ്രമിക്കുകയായിരുന്നു. തടയുന്നതിനിടയില്‍ സന്ദീപിന്റെ വലതു കൈവെള്ളയ്ക്കാണ് കുത്തേറ്റത്. ഉടന്‍ തന്നെ സ്ഥലത്തുണ്ടായിരുന്ന മറ്റു പൊലീസുകാര്‍ ചേര്‍ന്ന് മൂന്നംഗ സംഘത്തെ കീഴ്‌പ്പെടുത്തി കസ്റ്റഡിയിലെടുത്തു.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article