മലപ്പുറം: ഒതുക്കുങ്ങലിൽ വീട്ടിൽ ഉറങ്ങിക്കിടന്ന അഞ്ചുമാസം പ്രായമുള്ള കുഞ്ഞിനെ വീടിനകത്ത് കയറി തെരുവ് നായ കടിച്ചു. ഒതുക്കുങ്ങൽ തൊടുകുത്തുപറമ്പിൽ ശനിയാഴ്ച രാവിലെയാണ് സംഭവം. കുട്ടിയുടെ തലയ്ക്കും കൈയ്ക്കും സാരമായി പരിക്കേറ്റിട്ടുണ്ട്.
ബന്ധുവീട്ടിൽ വിവാഹത്തിനായി വിരുന്നെത്തിയ മുഹമ്മദ് റാഫി-ജൗഹറ ദമ്പതികളുടെ മകൻ ഹനി അസീമി(5 മാസം)നാണ് കടിയേറ്റത്. കുട്ടിയുടെ മുഖത്തും, ചെവിയിലും, തലയ്ക്കും കയ്യിലും കടിയേറ്റു. കുട്ടിയെ ആദ്യം കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
ഒതുക്കുങ്ങൽ പഞ്ചായത്തിലെ മറ്റത്തൂരങ്ങാടി, മുസ്ലിയാരങ്ങാടി, മുനമ്പത്ത്, എന്നിവിടങ്ങളിലും ശനിയാഴ്ച മറ്റു മൂന്ന് പേർക്ക് കൂടി തെരുവ് നായയുടെ കടിയേറ്റു. രാവിലെ മദ്രസയിൽ പോവുകയായിരുന്ന മറ്റത്തൂരങ്ങാടി പുളിക്കൽ റിഷാദ് അലി, മുസ്ലിയാരങ്ങാടിയിലുള്ള നാരായണൻ, മുനമ്പത്ത് സൈനബ എന്നിവർക്കാണ് നായയുടെ അക്രമണത്തിൽ പരിക്കേറ്റത്.
എല്ലാവരെയും കടിച്ചത് കറുത്ത നിറത്തിലുള്ള ഒരേ നായ തന്നെയാണെന്ന് വാർഡ് അംഗം സി.കെ. റഹൂഫ് പറഞ്ഞു.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
