ഐസ്‌ക്രീമിനെച്ചൊല്ലി വിവാഹവേദിയില്‍ കൂട്ടത്തല്ല്; കണ്‍മുന്നിലെ കൂട്ടയടി കണ്ട് വധു കുഴഞ്ഞുവീണു, സിനിമ സ്റ്റൈൽ സംഘട്ടനം വ്യാപിച്ച് തെരുവിലേക്കും; സംഭവം കൊല്ലത്ത് 

malayalampress
1 Min Read

കൊല്ലം: വിവാഹസല്‍ക്കാരത്തിനിടെ ഐസ്‌ക്രീം രണ്ടാമതും നല്‍കാത്തതിനെച്ചൊല്ലി അതിഥികള്‍ തമ്മില്‍ തെരുവ് യുദ്ധം. കണ്‍മുന്നില്‍ അരങ്ങേറിയ വന്‍ സംഘര്‍ഷം കണ്ട് പരിഭ്രാന്തയായ വധു ഓഡിറ്റോറിയത്തില്‍ കുഴഞ്ഞുവീണു. കൊല്ലം കൊല്ലൂര്‍വിള പള്ളിമുക്കിലെ പ്രമുഖ ഓഡിറ്റോറിയത്തിലാണ് സിനിമാ സ്‌റ്റൈല്‍ നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്.

സല്‍ക്കാരത്തിനെത്തിയ ഒരാള്‍ ആദ്യം ഐസ്‌ക്രീം കഴിച്ച ശേഷം വീണ്ടും ആവശ്യപ്പെട്ടതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ഒടുവില്‍ വലിയ കൂട്ടത്തല്ലില്‍ കലാശിച്ചത്. കൗണ്ടറിലുണ്ടായിരുന്ന ജീവനക്കാരന്‍ രണ്ടാമത് ഐസ്‌ക്രീം നല്‍കാന്‍ വിസമ്മതിച്ചതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമായത്.

ഐസ്‌ക്രീം നിഷേധിച്ചതിനെ അതിഥി ചോദ്യം ചെയ്തതോടെ മറ്റ് അതിഥികളും വിഷയത്തില്‍ ഇടപെട്ടു. മിനിറ്റുകള്‍ക്കകം വിതരണക്കാരനെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരുമായി ആളുകള്‍ രണ്ട് ഗ്രൂപ്പുകളായി തിരിഞ്ഞു. വാക്കുതര്‍ക്കം പെട്ടെന്ന് തന്നെ കയ്യാങ്കളിയിലേക്കും കസേരയേറിലേക്കും വഴിമാറി. കസേരകളും പ്ലേറ്റുകളും അന്തരീക്ഷത്തില്‍ പറക്കാന്‍ തുടങ്ങിയതോടെ ഓഡിറ്റോറിയത്തിലുണ്ടായിരുന്ന സ്ത്രീകളും കുട്ടികളും ഭയന്നോടി.

അടിപിടി രൂക്ഷമാകുന്നതിനിടെയാണ് മാനസികമായി തളര്‍ന്ന വധു വേദിയില്‍ കുഴഞ്ഞുവീണത്. ഉടന്‍ തന്നെ ബന്ധുക്കള്‍ വധുവിനെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. പ്രാഥമിക ശുശ്രൂഷകള്‍ക്ക് ശേഷം വധുവിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

അതേസമയം, ഓഡിറ്റോറിയത്തില്‍ തുടങ്ങിയ തല്ല് പിന്നീട് പള്ളിമുക്കിലെ പ്രധാന റോഡിലേക്കും വ്യാപിച്ചു. ഇതോടെ നാട്ടുകാര്‍ പൊലിസില്‍ വിവരമറിയിക്കുകയായിരുന്നു. ഇരവിപുരം പൊലിസും സിറ്റി പൊലിസും സ്ഥലത്തെത്തിയാണ് രംഗം ശാന്തമാക്കിയത്. സംഭവസ്ഥലത്തുനിന്ന് ചിലരെ പൊലിസ് കസ്റ്റഡിയിലെടുത്തെങ്കിലും വിവാഹബന്ധത്തെ ബാധിക്കുമെന്നതിനാല്‍ ഇരുഭാഗത്തുനിന്നും ആരും പരാതി നല്‍കാന്‍ തയ്യാറായില്ല. പരാതിയില്ലെന്ന് രേഖാമൂലം അറിയിച്ചതിനെ തുടര്‍ന്ന് കസ്റ്റഡിയിലായവരെ പൊലിസ് പിന്നീട് വിട്ടയച്ചു.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!