‘യുഡിഎഫ് നേതാക്കൾ പീഡിപ്പിച്ചിട്ടില്ല’; സോളർ പീഡനക്കേസ് പരാതിക്കാരിയുടെ കത്തിൽ ഒരു നേതാവിന്റെയും പേരില്ല

News Desk
2 Min Read

കൊട്ടാരക്കര: യുഡിഎഫ് നേതാക്കൾ ആരും തന്നെ പീഡിപ്പിച്ചില്ലെന്നു കാട്ടി സോളർ പീഡനക്കേസ് പരാതിക്കാരി എറണാകുളം അഡീഷനൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതി മുൻപാകെ പരാതിയായി കൊടുത്ത കത്ത് അന്നത്തെ അട്ടക്കുളങ്ങര വനിതാ ജയിൽ സൂപ്രണ്ട് എ.നസീറാ ബീവി തിരിച്ചറിഞ്ഞു. കേസിലെ സാക്ഷിയായി കൊട്ടാരക്കര ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേട്ട് ഇ.ആർ.അർജുൻരാജ് മുൻപാകെ ഹാജരായാണ് തിരിച്ചറിഞ്ഞത്.

കത്തിൽ രേഖപ്പെടുത്തിയ ഒപ്പ് തന്റേതാണെന്നും നസീറാബീവി മൊഴി നൽകി. എറണാകുളം അഡീഷനൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതി നിർദേശ പ്രകാരം സോളർ പീഡനക്കേസ് അതിജീവിത അട്ടക്കുളങ്ങര ജയിലിൽ വച്ച് പരാതി എഴുതിയത് എ.നസീറാബീവിയുടെ സാന്നിധ്യത്തിലായിരുന്നു. 4 പേജുള്ള പരാതിയിൽ എ.നസീറാ ബീവി സാക്ഷിയായി ഒപ്പിടുകയും ചെയ്തു. പരാതി കോടതിയിലെത്തിച്ചതും നസീറാബീവിയുടെ നിർദേശ പ്രകാരമായിരുന്നു.

ഈ കത്തിലെ പരാതിയെ തുടർന്നാണ് കോടതി നിർദേശ പ്രകാരം എറണാകുളം ടൗൺ നോർത്ത് പൊലീസ് ബിജു രാധാകൃഷ്ണൻ, നടി ശാലുമേനോൻ എന്നിവർക്കെതിരെ കേസെടുത്തത്. പത്തനംതിട്ട മുൻ ജയിൽ സൂപ്രണ്ട് എസ്.സജീവനും ഇന്നലെ ഹാജരായെങ്കിലും മൊഴി രേഖപ്പെടുത്തിയില്ല .സോളർ തട്ടിപ്പ് കേസിലെ പ്രതിയായ സോളർ പീഡനക്കേസ് അതിജീവിതയും മുൻ മന്ത്രി കെ.ബി.ഗണേഷ്കുമാറും പ്രതികളായ സോളർ ഗൂഢാലോചനക്കേസിലാണ് നടപടികൾ പുരോഗമിക്കുന്നത്.

സോളർ പീഡനക്കേസിലെ പരാതിക്കാരി സോളർ അന്വേഷണ കമ്മിഷനു മുന്നിൽ ഹാജരാക്കിയ കത്തിൽ 4 പേജ് കൂട്ടിച്ചേർത്തതിനു പിന്നിൽ ഗൂഢാലോചന ഉണ്ടെന്ന് ആരോപിച്ച് അഡ്വ.സുധീർ ജേക്കബ് അഡ്വ.ജോളി അലക്സ് മുഖേന ഫയൽ ചെയ്ത ഹർജിയിലാണ് നടപടികൾ. കേസ് അടുത്ത മാസം 15ന് കോടതി വീണ്ടും പരിഗണിക്കും. കേസിലെ സാക്ഷികളായ ബെന്നി ബഹനാൻ എംപി, മുൻ മന്ത്രി കെ.സി.ജോസഫ് എന്നിവരുടെ മൊഴി കോടതി രേഖപ്പെടുത്തും.

തന്റെ പേരു ചേർത്ത് പല രാഷ്ട്രീയനേതാക്കളുടെയും മന്ത്രിമാരുടെയും കഥകൾ പലരും മെനയുന്നതായും ആ കഥകളും വാർത്തകളും എല്ലാം തന്നെ വാസ്തവവിരുദ്ധമാണെന്ന് ബഹുമാനപ്പെട്ട കോടതിയെ ബോധിപ്പിക്കുന്നതായും സോളർ കേസിലെ പരാതിക്കാരി കോടതിയിൽ ഹാജരാക്കിയ കത്തിൽ പറയുന്നു.

2013 ജൂൺ 6ന് സോളർ തട്ടിപ്പ് കേസിൽ അറസ്റ്റിലായി റിമാൻഡിൽ കഴിയുമ്പോഴാണ് കത്ത് എഴുതിയത്. ബിജു രാധാകൃഷ്ണൻ തന്റെ പേരും ചേർത്തു തുടങ്ങിയ ടീം സോളർ റിന്യുവൽ എനർജി സൊല്യൂഷൻസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ പേരിൽ നടത്തിയ സാമ്പത്തിക തട്ടിപ്പിൽ‍ പങ്കില്ലെന്നും കത്തിൽ പറയുന്നു. ബാങ്കിന്റെ സാമ്പത്തിക ഇടപാടുകൾ പൂർണമായും നടത്തിയത് ബിജുവാണ്. ബിജു രാധാകൃഷ്ണനും ശാലുമേനോനും ചേർന്നു പണം ചെലവാക്കിയെന്നും സോളർ പദ്ധതിക്കായി പലരിൽ നിന്നും വാങ്ങിയ പണം തിരികെ നൽകിയില്ലെന്നും കത്തിലുണ്ട്. ഒരു രാഷ്ട്രീയ നേതാവിനെതിരെയും കത്തിൽ പരാമർശമില്ല.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!