ഫയര്‍ എക്‌സിറ്റുകള്‍ ഉണ്ടായിരുന്നില്ല; ജനലില്‍കൂടി ചാടാന്‍ തലയിണകളും മെത്തകളും എത്തിച്ച് അയല്‍വാസികളും നാട്ടുകാരും; ജീവന് വേണ്ടി കേഴുന്ന അതിദാരുണ ദൃശ്യങ്ങൾ പുറത്ത്

malayalampress
1 Min Read
ന്യൂഡല്‍ഹി: മാളവ്യ നഗറിലെ ഫ്‌ളോറിഷ് സ്‌റ്റേ ഹോട്ടല്‍ റസ്‌റ്റോറന്റില്‍ ഇന്നലെ രാവിലെ 8.50നാണ് അഗ്നിബാധയുണ്ടായത്. താഴത്തെനിലയില്‍നിന്നു മുകളിലേക്കു തീ പടര്‍ന്നതോടെ മുകളിലത്തെ നിലകളിലുണ്ടായിരുന്നവര്‍ കുടുങ്ങി. ജനലുകളിലൂടെ താഴേക്ക് ചാടുക മാത്രമായിരുന്നു അവരുടെ മുന്നിലുള്ള മാര്‍ഗം. താഴേക്ക് ചാടിയ ആളുകളെ സുരക്ഷിതമായി താങ്ങി നിര്‍ത്താന്‍ തലയിണകളും മെത്തകളും എത്തിച്ച് അയല്‍വാസികളും നാട്ടുകാരും ശ്രമിച്ചു. കത്തുന്ന കെട്ടിടത്തില്‍നിന്ന് ഉയര്‍ന്ന കനത്ത പുക അവഗണിച്ചും നിരവധി നാട്ടുകാര്‍ കെട്ടിടത്തിനുള്ളില്‍ കുടുങ്ങിക്കിടന്നവരെ രക്ഷപെടുത്തി.
മാക്‌സ് ഹോസ്പിറ്റലിന് സമീപമുള്ള ഈ ഹോട്ടല്‍, ആശുപത്രി സന്ദര്‍ശിക്കാനെത്തുന്ന വിദേശ വിനോദസഞ്ചാരികളുടെ പ്രധാന താമസകേന്ദ്രമായിരുന്നു. ഗുരുതരമായ സുരക്ഷാ വീഴ്ചകളാണു ദുരന്തത്തിലേക്കു നയിച്ചതെന്നാണു പ്രാഥമിക അന്വേഷണങ്ങള്‍ സൂചിപ്പിക്കുന്നത്. ഒരൊറ്റ എക്‌സിറ്റ് മാത്രമുണ്ടായിരുന്ന ബേസ്‌മെന്റില്‍ നിരവധി ആളുകളാണു കുടുങ്ങിയത്. വാതില്‍ പുറത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. പൂട്ട് തല്ലിത്തകര്‍ത്താണു രക്ഷാപ്രവര്‍ത്തനം നടത്തിയത്. ഈ ബഹുനില കെട്ടിടത്തില്‍ മറ്റ് ഫയര്‍ എക്‌സിറ്റുകളില്ലായിരുന്നു. കെട്ടിടത്തിന്റെ മുന്‍ഭാഗത്തുള്ള പ്രധാന പ്രവേശന കവാടത്തെയും എക്‌സിറ്റിനെയും മാത്രമാണ് ആളുകള്‍ ആശ്രയിച്ചിരുന്നത്.
പ്രധാന കവാടത്തിന് സമീപത്തുനിന്ന് തന്നെയാണ് തീ പടര്‍ന്നത്, അത് കെട്ടിടത്തില്‍നിന്നുള്ള ഏക പുറത്തുകടക്കല്‍ മാര്‍ഗം തടസപ്പെടുത്തി. ശ്വാസം മുട്ടിക്കുന്ന കനത്ത വിഷപ്പുകയോട് പോരാടിയായിരുന്നു രക്ഷാപ്രവര്‍ത്തനം. ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ കെട്ടിടത്തിന്റെ മൂന്ന് വശങ്ങളില്‍നിന്നും ഉയര്‍ന്ന സമ്മര്‍ദമുള്ള വാട്ടര്‍ ടെന്‍ഡറുകള്‍ ഉപയോഗിച്ച് തീ നിയന്ത്രണവിധേയമാക്കാന്‍ ശ്രമിച്ചു. കത്തുന്ന കെട്ടിടത്തില്‍നിന്ന് 37 പേരെയാണു രക്ഷപ്പെടുത്തിയത്. അവരില്‍ ഭൂരിഭാഗവും പേരും കനത്ത പുക ശ്വസിച്ച് അബോധാവസ്ഥയിലായിരുന്നു. തടസങ്ങള്‍ നീക്കി മുന്നോട്ട് പോകുന്നതിന്റെ പ്രാഥമിക ഘട്ടത്തില്‍ നാല് മൃതദേഹങ്ങള്‍ ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ കണ്ടെടുത്തു. ഗുരുതരമായി പരുക്കേറ്റവര്‍ മരണത്തിനു കീഴടങ്ങിയതോടെ ആകെ മരണസംഖ്യ 21 ആയി ഉയരുകയായിരുന്നു.

 

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article