റിയാദ്: പക്ഷാഘാതം ബാധിച്ച് ഒരുവർഷത്തോളമായി റിയാദിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന കോഴിക്കോട് സ്വദേശി അന്തരിച്ചു. കോഴിക്കോട് മണ്ണൂർ, അമ്പാടി വീട്ടിൽ സുനിൽ കുമാർ (57) ആണ് മരിച്ചത്. കഴിഞ്ഞ 25 വർഷത്തിലേറെയായി റിയാദിൽ സ്വകാര്യ പ്രിന്റിങ് പ്രസിലെ ജീവനക്കാരനായിരുന്നു സുനിൽ കുമാർ.
കഴിഞ്ഞ വർഷം ജൂലൈ 25-ന് ജോലിക്ക് പോകുന്നതിനിടെ ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ട സുനിൽ കുമാറിനെ റിയാദിലെ അൽ ജസീറ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. പരിശോധനയിൽ പക്ഷാഘാതം (Stoke) സ്ഥിരീകരിച്ചു.
ഗുരുതരാവസ്ഥയിലായ അദ്ദേഹം വെന്റിലേറ്റർ സഹായത്തോടെയാണ് ദീർഘനാൾ ചികിത്സയിൽ കഴിഞ്ഞത്. മാസങ്ങളോളം അൽ ജസീറ ആശുപത്രിയിൽ കഴിഞ്ഞ ശേഷം വിദഗ്ധ ചികിത്സയ്ക്കായി കഴിഞ്ഞ ഏപ്രിൽ 30-നാണ് റിയാദിലെ ഷുമൈസി ആശുപത്രിയിലേക്ക് മാറ്റിയത്.
ആശുപത്രി അധികൃതരുമായും ഇന്ത്യൻ എംബസിയുമായും ബന്ധപ്പെട്ട് അദ്ദേഹത്തെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ നടത്തിവരികയായിരുന്നു. വെന്റിലേറ്റർ സംവിധാനത്തോടെ വിമാനത്തിൽ നാട്ടിലെത്തിക്കാനുള്ള എക്സിറ്റ് നടപടികൾ വരെ പൂർത്തിയാക്കിയിരുന്നു. എന്നാൽ ഇതിനിടയിൽ ആരോഗ്യസ്ഥതി വീണ്ടും വഷളായതോടെ ഡോക്ടർമാരുടെ നിർദ്ദേശപ്രകാരം വെന്റിലേറ്ററിൽ തന്നെ തുടരേണ്ടി വന്നു. സുനിൽ കുമാർ ജീവിതത്തിലേക്ക് തിരിച്ചെത്തുമെന്ന പ്രതീക്ഷയിലായിരുന്നു കുടുംബം. തുടർചികിത്സയ്ക്കായി നാട്ടിലേക്ക് കൊണ്ടുപോകാനുള്ള അന്തിമ ശ്രമങ്ങൾക്കിടയിലാണ് മരണം സംഭവിച്ചത്.
മാതാപിതാക്കൾ: നാരായണി, പരേതനായ ഉണ്ണി കോഴിശ്ശേരി. ഭാര്യ: ഷാനി. മക്കൾ: ആദർശ്, ദൃശ്യ. മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടിക്രമങ്ങളുമായി വെൽഫെയർ വിങ് റിയാദ് മലപ്പുറം ജില്ലാ കെഎംസിസി ചെയർമാൻ റഫീഖ് ചെറുമുക്ക്, ജനറൽ കൺവീനർ റിയാസ് ചിങ്ങത്ത്, റിയാദ് കെഎംസിസി കോഴിക്കോട് ജില്ലാ കമ്മറ്റി ട്രഷറർ റാഷിദ് ദയ എന്നിവരുടെ നേതൃത്വത്തിൽ സലീം സിയാംകണ്ടം, ജാഫർ വീമ്പൂർ, അബ്ദു റഹ്മാൻ ചേലമ്പ്ര, നസീർ കണ്ണീരി എന്നിവർ രംഗത്തുണ്ട്.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
