തത്സമയ റിപ്പോർട്ടിങ്ങിനിടെ വെടിവെപ്പ്, ഭയന്നോടി മാധ്യമപ്രവർത്തകർ; വൈറ്റ് ഹൗസിന് പുറത്തുനിന്നുള്ള ദൃശ്യങ്ങൾ

malayalampress
1 Min Read

വാഷിങ്ടൺ ഡിസി: അമേരിക്കയിൽ വൈറ്റ് ഹൗസിന് സമീപം നടന്ന വെടിവെപ്പിനിടെ മാധ്യമപ്രവർത്തകർ ഭയന്നോടുന്ന ദൃശ്യങ്ങൾ പുറത്ത്. വൈറ്റ് ഹൗസിലെ നോർത്ത് ലോണിൽ തത്സമയ റിപ്പോർട്ടിങ് നടത്തുകയായിരുന്ന മാധ്യമപ്രവ‍ർത്തകരാണ് വെടിയൊച്ച കേട്ടതിന് പിന്നാലെ റിപ്പോർട്ടിങ് അവസാനിപ്പിച്ച് സുരക്ഷിത സ്ഥാനത്തേക്ക് ഓടിമാറിയത്. വെടിവെപ്പിന് പിന്നാലെ യുഎസ് സീക്രട്ട് സർവീസ് മാധ്യമപ്രവർത്തകരോട് റിപ്പോർട്ടിങ് അവസാനിപ്പിച്ച് പ്രസ് ബ്രീഫിങ് റൂമിലേക്ക് മാറാൻ നിർദേശിച്ചിരുന്നു. ഇതനുസരിച്ച് മാധ്യമപ്രവർത്തകർ മാറുന്നതിനിടെ ആയുധധാരികളായ സുരക്ഷ സേന, മേഖല വളയുന്നത് പുറത്തുവന്ന ദൃശ്യങ്ങളിലുണ്ട്.

വൈറ്റ് ഹൗസിലെ ഓവൽ ഓഫീസിൽ പ്രസിഡന്റ് ഡോണാൾഡ് ട്രംപ് ഉള്ളപ്പോഴാണ് വെടിവെപ്പ് നടന്നത്. വൈറ്റ് ഹൗസിന് അടുത്തുള്ള സീക്രട്ട് സർവീസ് ചെക്ക്പോയ്ൻ്റിൽവെച്ചാണ് അക്രമി നിറയൊഴിച്ചത്. വെടിവെപ്പിനെക്കുറിച്ച് എബിസിയുടെ മാധ്യമപ്രവ‍ർത്തകയായ സെലിന വാങ് എക്സിൽ പോസ്റ്റ് പങ്കുവെച്ചിട്ടുണ്ട്. വൈറ്റ് ഹൗസിന്റെ നോർത്ത് ലോണിൽ വീഡിയോ പകർത്തുമ്പോഴാണ് വെടിയൊച്ചകൾ കേട്ടതെന്ന് അവർ പറഞ്ഞു. ഡസൻ കണക്കിന് വെടിയുണ്ടകൾ പായുന്ന ശബ്ദമാണ് കേൾക്കാൻ കഴിഞ്ഞത്. ഉടൻ തന്നെ പ്രസ് ബ്രീഫിങ് റൂമിലേക്ക് ഓടി മാറാൻ തങ്ങളോട് നിർദേശിച്ചുവെന്നും മാധ്യമപ്രവ‍ർത്തക പറഞ്ഞു.

അതേസമയം അക്രമി മേരിലാൻഡ് സ്വദേശിയായ നാസിർ ബെസ്റ്റ് (21) ആണെന്ന് തിരിച്ചറിഞ്ഞു. ഇന്ത്യൻ സമയം, ഞായറാഴ്ച പുലർച്ചെ ആണ് ബാ​ഗിൽ സൂക്ഷിച്ചിരുന്ന തോക്കെടുത്ത നാസിർ സെക്യൂരിറ്റി ചെക്ക്പോയ്ൻ്റിനുനേരെ വെടിയുതിർത്തത്. പ്രതിരോധത്തിനിടെ, സീക്രട്ട് സർവീസിന്റെ വെടിയേറ്റ ഇയാൾ ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ മരണപ്പെട്ടു. പ്രതിക്ക് മാനസ്സിക പ്രശ്നങ്ങൾ ഉണ്ടെന്നാണ് റിപ്പോർട്ട്. വൈറ്റ് ഹൗസ് പരിസരത്ത് അലഞ്ഞുതിരിഞ്ഞ് നടക്കുന്ന പതിവ് ഇയാൾക്ക് ഉണ്ടായിരുന്നു. ഇതേ തുട‍ർന്ന് വൈറ്റ് ഹൗസ് പരിസരത്ത് എത്തുന്നതിൽനിന്ന് കോടതി ഇയാളെ വിലക്കിയിരുന്നു.

കഴിഞ്ഞ വർഷം വൈറ്റ് ഹൗസിൽ കാൽനടയാത്രക്കാർക്കായി നിയന്ത്രിക്കപ്പെട്ടിട്ടുള്ള കൺട്രോൾ പോസ്റ്റ് മറികടന്ന് അകത്തേക്ക് പ്രവേശിച്ചതിന് സുരക്ഷാ ഉദ്യോ​ഗസ്ഥർ നാസിർ ബെസ്റ്റിനെ അറസ്റ്റ് ചെയ്തിരുന്നു. അന്ന്, താൻ യേശുക്രിസ്തുവിന്റെ ആധുനിക കാലത്തെ അവതാരമാണെന്ന് ബെസ്റ്റ് പറഞ്ഞിരുന്നു. അതേസമയം ഇപ്പോഴത്തെ ആക്രമണത്തിന്റെ ഉദ്ദേശ്യം ഇതുവരെ വ്യക്തമായിട്ടില്ല. VIDEO 1, VIDEO 2

 

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!