തിരുവനന്തപുരം: വി.ഡി. സതീശൻ മന്ത്രിസഭയിലെ കോൺഗ്രസ് മന്ത്രിമാരിൽ കെ.സി. വേണുഗോപാൽ പക്ഷത്തിന്റെ സർവാധിപത്യം. മന്ത്രിസഭയിലെ കോൺഗ്രസ് പ്രതിനിധികളായ 12 പേരിൽ കെപിസിസി പ്രസിഡൻ്റ് സണ്ണി ജോസഫ്, പി.സി. വിഷ്ണുനാഥ്, എ.പി. അനിൽകുമാർ ഉൾപ്പടെ ഏഴു പേരും കെ.സി. ഗ്രൂപ്പിന്റെ ഭാഗമാണ്. വി.ഡി. സതീശന് പുറമെ നാല് പേർ മാത്രമാണ് കെ.സി. ഗ്രൂപ്പിന് പുറത്തുള്ളവർ. ഇതോടെ മുഖ്യമന്ത്രിയാകാൻ കഴിഞ്ഞില്ലെങ്കിലും സർക്കാരിൽ അദ്യശ്യ ശക്തിയായി കെ.സി. വേണുഗോപാൽ മാറുമെന്ന് വ്യക്തമായി.
21 അംഗ മന്ത്രിസഭയിൽ മുഖ്യമന്ത്രിക്ക് പുറമെ കോൺഗ്രസിൽ നിന്ന് 11 മന്ത്രിമാരുണ്ട്. രമേശ് ചെന്നിത്തല, കെ. മുരളീധരൻ, സണ്ണി ജോസഫ്, എ.പി. അനിൽകുമാർ, പി.സി. വിഷ്ണുനാഥ്, റോജി എം. ജോൺ, ബിന്ദു കൃഷ്ണ, എം. ലിജു, ടി. സിദ്ദീഖ്, ഒ.ജെ. ജനീഷ്, കെ.എ. തുളസി എന്നിവരാണ് കോൺഗ്രസിൽ നിന്നുള്ള മന്ത്രിമാർ.
മുസ്ലിം ലീഗിന് അഞ്ച് മന്ത്രിമാരാണുള്ളത്. പി.കെ. കുഞ്ഞാലിക്കുട്ടി, എൻ. ഷംസുദ്ദീൻ, കെ.എം. ഷാജി, പി.കെ. ബഷീർ, വി.ഇ. അബ്ദുൾ ഗഫൂർ എന്നിവർ. വി.ഇ. അബ്ദുൾ ഗഫൂർ രണ്ടര വർഷത്തിന് ശേഷം പദവി ഒഴിഞ്ഞ് പാറക്കൽ അബ്ദുള്ളയ്ക്ക് അവസരം നൽകിയേക്കും. കോൺഗ്രസ് മന്ത്രിമാർക്ക് ടേം വ്യവസ്ഥയുണ്ടോ എന്ന് പിന്നീട് പറയാം എന്നും വി.ഡി. സതീശൻ പറഞ്ഞു.
കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിൽ നിന്ന് മോൻസ് ജോസഫ്, കേരള കോൺഗ്രസ് ജേക്കബ് വിഭാഗത്തിൽ നിന്ന് അനൂപ് ജേക്കബ്, ആർഎസ്പിയിൽ നിന്ന് ഷിബു ബേബി ജോൺ, സിഎംപിയിൽ നിന്ന് സി.പി. ജോൺ എന്നിവരും മന്ത്രിമാരാകും. തിരുവഞ്ചൂർ രാധാകൃഷ്ണനെ സ്പീക്കറായും ഷാനിമോൾ ഉസ്മാനെ ഡെപ്യൂട്ടി സ്പീക്കറായും നിശ്ചയിച്ചു.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
