ജീൻസ് ധരിക്കുന്നത് പിതാവ് എതിർത്തു; പിതാവിനെ വെടിവെച്ച യുവതി പിടിയിൽ

News Desk
1 Min Read

അമൃത്സർ: ജീൻസ് ധരിക്കുന്നതിനെ ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ പിതാവിന് നേരെ വെടിയുതിർത്ത ഇരുപത്തിയൊന്നുകാരി പഞ്ചാബിൽ അറസ്റ്റിലായി. ഖൽചിയാൻ സ്വദേശിനിയായ സ്നേഹ്ദീപ് കൗർ ആണ് പിതാവ് പർമീന്ദർ സിംഗിന് നേരെ വെടിവെച്ചത്. പരിക്കേറ്റ ഇയാളെ അമൃത്സറിലെ ഗുരുനാനാക് ദേവ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പർമീന്ദർ സിംഗിന്റെ നില തൃപ്തികരമാണെന്ന് അധികൃതർ അറിയിച്ചു.

മേയ് 14ന് രാവിലെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. ജീൻസും ടോപ്പും ധരിക്കുന്നതിനെ പിതാവ് എതിർത്തതാണ് മകളെ പ്രകോപിപ്പിച്ചത്. തർക്കത്തിനിടെ യുവതി പിതാവിന് നേരെ വെടിയുതിർക്കുകയായിരുന്നു. പർമീന്ദർ സിംഗിന്റെ പുറത്തും തോളിലുമാണ് വെടിയേറ്റത്. സംഭവത്തിന് പിന്നാലെ യുവതിയെ പോലീസ് അറസ്റ്റ് ചെയ്യുകയും കൃത്യത്തിന് ഉപയോഗിച്ച ലൈസൻസുള്ള റിവോൾവറും നാല് വെടിയുണ്ടകളും പിടിച്ചെടുക്കുകയും ചെയ്തു.

യുവതി ഉപരിപഠനത്തിനായി ഓസ്ട്രേലിയയിലേക്ക് പോകാൻ ആഗ്രഹിച്ചിരുന്നതായും ഇതിനെ പിതാവ് എതിർത്തതുമായി ബന്ധപ്പെട്ട് വീട്ടിൽ മുൻപും തർക്കങ്ങൾ നിലനിന്നിരുന്നതായും പോലീസ് സൂചിപ്പിച്ചു. എന്നാൽ കുടുംബം ഈ വാദങ്ങൾ തള്ളി. അറസ്റ്റിലായ യുവതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!