വി.ഡി മന്ത്രിസഭയിലെ മന്ത്രിമാരെ ഇന്നറിയാം; ഘടകകക്ഷികളുമായി ഇന്ന് ഉഭയകക്ഷി ചർച്ച

News Desk
1 Min Read

തിരുവനന്തപുരം: വി.ഡി. സതീശൻ മന്ത്രിസഭയിലെ മന്ത്രിമാരെ ഇന്നറിയാം. വകുപ്പുകൾ തീരുമാനിക്കാൻ ഘടകകക്ഷികളുമായി ഇന്ന് ഉഭയകക്ഷി ചർച്ചകൾ നടത്തും. ചർച്ചയിൽ കെ.സി. വേണുഗോപാലും, ദീപ ദാസ് മുൻഷിയും പങ്കെടുക്കും.

കോൺഗ്രസിന് ലഭിക്കുക 11 മന്ത്രിസ്ഥാനമെന്നാണ് സൂചന.ഘടക കക്ഷികളുടെ സീറ്റിൽ മാറ്റംവരാൻ സാധ്യതയുണ്ട്. മുസ്ലീം ലീഗിന് നാല് മന്ത്രിമാരും മറ്റുപദവികളും എന്ന ഫോർമുല പരിഗണനയിലുണ്ട്.

ചെറു ഘടകകക്ഷികൾക്ക് ഓരോ മന്ത്രിമാരാവും ഉണ്ടാവുകയെന്നാണ് സൂചന. ആർഎംപി മന്ത്രിസ്ഥാനത്തിന് അവകാശവാദം ഉന്നയിക്കാനിടയില്ല. കേരള കോൺഗ്രസ് ജോസഫ് ഗ്രൂപ്പിന് ഒരു മന്ത്രിസ്ഥാനവും കാബിനറ്റ് റാങ്കുള്ള ഒരു പദവിയും ലഭിച്ചേക്കും.

ഭരണപരിഷ്‌കാര കമ്മിഷൻ അധ്യക്ഷസ്ഥാനം പി.ജെ. ജോസഫിനും താൽപ്പര്യമുണ്ട് എന്നാണ് വിവരം. ചെറിയ കക്ഷിയായ കെഡിപിയിലെ മാണി സി. കാപ്പന് മന്ത്രിസ്ഥാനത്തിനുപകരം ചീഫ് വിപ്പ് സ്ഥാനം നൽകിയാൽ മതിയെന്ന ആലോചനകളും നടക്കുന്നുണ്ട്.

റവന്യൂ വകുപ്പ് ജോസഫ് ഗ്രൂപ്പ് ആവശ്യപ്പെടും. ലീഗിനും റവന്യൂ വകുപ്പിൽ താത്പര്യമുണ്ട്. റവന്യൂ കിട്ടിയില്ലെങ്കിൽ പൊതുമരാമത്തും ടൂറിസവും, അല്ലെങ്കിൽ പൊതുവിദ്യാഭ്യാസവും ഉന്നതവിദ്യാഭ്യാസവും ചേർത്തുനൽകണമെന്നും കേരള കോൺഗ്രസ് ആവശ്യപ്പെടും. ആരോഗ്യ വകുപ്പിനോടും ലീഗിന് താൽപ്പര്യമുണ്ട്.

കെഎസ്ആർടിസി ഉൾപ്പെടുന്ന ഗതാഗതം കോൺഗ്രസ് ഏറ്റെടുക്കാനാണ് സാധ്യത. സ്പീക്കർസ്ഥാനത്തേക്ക് നിലവിൽ ഉയരുന്ന പേര് തിരുവഞ്ചൂർ രാധാകൃഷ്ണൻ്റേതാണ്. അദ്ദേഹം മന്ത്രിയായാൽ റോജി എം. ജോണിനെ പരിഗണിച്ചേക്കും.

….

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!