പേരാമ്പ്ര: കോഴിക്കോട് ചെറുവണ്ണൂർ കക്കറമുക്കിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഗർഭിണി വെന്തുമരിച്ച സംഭവത്തിൽ ഞെട്ടൽ മാറാതെ നാട്ടുകാർ. ചെറുവണ്ണൂർ കക്കറമുക്ക് സ്വദേശി രജിൻലാലിന്റെ ഭാര്യ പൂവത്തുംചാലിൽ സോന (27) ആണ് മരിച്ചത്. കാർ ഓടിച്ച ഭർത്താവ് രജിൻലാലിനെ ഗുരുതരമായി പൊള്ളലേറ്റ നിലയിൽ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിൽസയിലാണ്.
ആറുമാസം ഗർഭിണിയായിരുന്നു മരിച്ച സോന. സോനയെ പേരാമ്പ്ര കല്ലോട് ആശുപത്രിയിൽ കാണിച്ച ശേഷം മടങ്ങവേയാണ് വെള്ളിയാഴ്ച രാത്രി ഒൻപതു മണിയോടെ അപകടമുണ്ടായത്. കാറിൽനിന്ന് പെട്ടെന്ന് തീയും പുകയും ഉയർന്നതോടെ പെട്ടെന്ന് വണ്ടി നിർത്തി രജിൻ ചാടിയിറങ്ങിയെങ്കിലും ദേഹത്ത് തീ പടർന്നു. ഈ സമയത്ത് സോന കാറിന്റെ പിൻസീറ്റിൽ കിടക്കുകയായിരുന്നു.
രജിൻ ലാൽ കാറിൽ നിന്ന് ഇറങ്ങി സോനയെ പുറത്തിറക്കാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. ദേഹത്ത് തീ ആളിപ്പടർന്നതോടെ രജിൻ തൊട്ടടുത്തുള്ള തോട്ടിലേക്ക് ചാടി. അതേസമയം, കാറിന്റെ പിൻസീറ്റിലിരുന്ന സോന ഡോർ ലോക്കായതിനെ തുടർന്ന് ഉള്ളിൽ കുടുങ്ങുകയായിരുന്നു.
കാറിൽനിന്ന് തീയും പുകയും ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട ഉടൻതന്നെ നാട്ടുകാർ സംഭവസ്ഥലത്തേക്ക് ഓടിയെത്തുകയായിരുന്നു. തൊട്ടടുത്ത വയലിൽനിന്ന് വെള്ളം കോരിയൊഴിച്ച് നാട്ടുകാർ തീയണയ്ക്കാനും സോനയെ പുറത്തെടുക്കാനും ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. പേരാമ്പ്രയിൽ നിന്ന് അഗ്നിരക്ഷാ സേന എത്തി സോനയെ പുറത്തെടുത്ത് പേരാമ്പ്ര താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പാലേരി കുയിമ്പിൽ കള്ളിക്കണ്ടി മീത്തൽ ശ്രീനിവാസൻ, വസന്ത ദമ്പതികളുടെ മകളാണ് സോന. സഹോദരൻ: സോനു.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
