തിരുവനന്തപുരം: തനിക്ക് പുതിയ കാർ വേണ്ടെന്ന് നിയുക്ത മുഖ്യമന്ത്രി വി.ഡി സതീശൻ. കേരളത്തിന്റെ നിലവിലെ സാമ്പത്തിക പ്രതിസന്ധി പരിഗണിച്ച് താൻ പുതിയ ഔദ്യോഗിക വാഹനം ഒഴിവാക്കുകയാണെന്ന് അദ്ദേഹം അറിയിച്ചു.
പുതിയ കാർ വാങ്ങാൻ തീരുമാനിച്ചാൽ അത് ഭരണസംവിധാനത്തിന് നൽകുന്ന തെറ്റായ സന്ദേശമായിരിക്കുമെന്ന് പറഞ്ഞ അദ്ദേഹം സാമ്പത്തികനില വഷളായിരിക്കുന്ന സമയത്ത് ആർഭാടങ്ങൾ പരമാവധി കുറച്ച് നമ്മൾ ചില മാതൃകകൾ സൃഷ്ടിക്കണമെന്നും ചൂണ്ടിക്കാട്ടി.
”നിലവിലുള്ള കാർ ഉപയോഗിക്കും. അതിന്റെ നിറമൊന്നും നോക്കില്ല. വലിയ ആർഭാടത്തോടെയും പത്രാസോടെയും റോഡിലൂടെ പോയാൽ ആളുകൾ എന്നെ ഉള്ളിൽ കളിയാക്കി ചിരിക്കും. ഞാൻ അത്രയ്ക്കൊന്നും ആയിട്ടില്ല. പോകുന്ന വഴിയിൽ ആളുകളെ പരമാവധി ബുദ്ധിമുട്ടിക്കരുതെന്ന് പോലീസിനോട് നിർദേശിച്ചിട്ടുണ്ട്.
വിരലിൽ എണ്ണാവുന്നതിൽ താഴെ വാഹനങ്ങൾ മാത്രമേ പാടുള്ളുവെന്നും പറഞ്ഞിട്ടുണ്ട്. ഇതിന് മുൻപ് പോയവരെയൊന്നും പരിഹസിക്കുകയല്ല. അവർക്ക് അതിന്റെ ആവശ്യം ഉണ്ടായിരുന്നിരിക്കും. പക്ഷേ എനിക്ക് അതിന്റെയൊന്നും ആവശ്യമില്ല. മുകളിൽ ഇരിക്കുന്നവർ നൽകേണ്ട സന്ദേശമുണ്ട്. നമ്മൾ പത്രാസും ആർഭാടവും കാണിച്ചാൽ താഴെയുള്ളവരും അത് ചെയ്യും. അതിനുള്ള ശേഷി കേരളത്തിന്റെ ഖജനാവിനില്ല.” – വി.ഡി സതീശൻ വ്യക്തമാക്കി.
ഭരണകൂടം മാതൃകാപരമായ നിലപാടുകൾ സ്വീകരിക്കേണ്ട സമയമാണിതെന്നും ആഡംബരങ്ങൾ ഒഴിവാക്കി ലളിതമായ ജീവിതശൈലി പിന്തുടരണമെന്നും അദ്ദേഹം ഓർമിപ്പിച്ചു. സംസ്ഥാന ഖജനാവ് കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ഘട്ടത്തിൽ ആർഭാടങ്ങൾ കുറച്ച് ജനങ്ങൾക്കും ഭരണസംവിധാനത്തിനും ഒരു മാതൃക സൃഷ്ടിക്കേണ്ടത് അത്യാവശ്യമാണെന്ന് അദ്ദേഹം വിശ്വസിക്കുന്നു. ആഡംബരങ്ങൾ കാണിക്കാനുള്ള ശേഷി നിലവിൽ കേരളത്തിന്റെ ഖജനാവിനില്ലെന്നും വി.ഡി സതീശൻ ചൂണ്ടിക്കാട്ടി.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
