കൽപ്പറ്റ: കേരളത്തിലെ മുഖ്യമന്ത്രി തർക്കം രൂക്ഷമാകുന്നതിനിടെ ഹൈക്കമാൻഡിനും രാഹുൽ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കുമെതിരെ വയനാട്ടിൽ പോസ്റ്റർ പ്രതിഷേധം. വയനാട് ഡി സി സി ഓഫീസിന് സമീപമാണ് ഇംഗ്ലീഷിൽ എഴുതിയ പോസ്റ്ററുകൾ പതിപ്പിച്ചിരിക്കുന്നത്.
കെ സി വേണുഗോപാലിനെ പിന്തുണച്ചാൽ കേരളത്തിലെ ജനങ്ങൾ നിങ്ങൾക്ക് മാപ്പ് തരില്ലെന്നും, വയനാട് ഇനി അടുത്ത അമേഠിയായി മാറുമെന്നുമാണ് പോസ്റ്ററുകൾ മുന്നറിയിപ്പ് നൽകുന്നത്. മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഹൈക്കമാൻഡ് കെ സി വേണുഗോപാലിനെ പിന്തുണച്ചാൽ പ്രതിഷേധം ശക്തമാകുമെന്നാണ് പോസ്റ്റർ രോഷപ്രകടനം നൽകുന്ന സൂചന. കെ സി വേണുഗോപാൽ രാഹുൽ ഗാന്ധിയുടെ വെറുമൊരു പെട്ടിയെടുപ്പുകാരൻ ആണെന്നും പോസ്റ്ററിൽ വിമർശനമുണ്ട്.
ഈ സാഹചര്യത്തിൽ രാഹുലിന്റെയും പ്രിയങ്കയുടെയും വിഡ്ഢിത്തങ്ങൾക്ക് കേരളം മാപ്പ് നൽകില്ലെന്നും പോസ്റ്ററിൽ കുറിച്ചിട്ടുണ്ട്. വയനാടിനെ രാഹുൽ ഗാന്ധിയും പ്രിയങ്കയും മറന്നേക്കൂ എന്നും ഇനി ഇവിടെ നിന്ന് ജയിക്കില്ലെന്നും പോസ്റ്ററുകൾ വ്യക്തമാക്കുന്നു. ആരുടെയും പേരില്ലാതെ പ്രത്യക്ഷപ്പെട്ട ഈ പോസ്റ്ററുകൾ കോൺഗ്രസിനുള്ളിലെ ഗ്രൂപ്പ് പോര് തെരുവിലേക്ക് പടരുന്നതിന്റെ സൂചനയായാണ് രാഷ്ട്രീയ കേന്ദ്രങ്ങൾ വിലയിരുത്തുന്നത്.
മുഖ്യമന്ത്രി ചർച്ചയിൽ മുൻവിധിയില്ലെന്ന് രാഹുൽ ഗാന്ധി
അതേസമയം കേരളത്തിന്റെ പുതിയ മുഖ്യമന്ത്രി ആരെന്ന് ഇന്നറിയാനായേക്കും. ഹൈക്കമാൻഡ് പ്രഖ്യാപനം ഉച്ചയ്ക്ക് മുന്നേ വന്നേക്കുമെന്നാണ് സൂചന. ഇതോടെ കേരളത്തിനൊപ്പം ആകാംക്ഷയിലാണ് കെ സി വേണുഗോപാൽ, വി ഡി സതീശൻ, രമേശ് ചെന്നിത്തല ക്യാമ്പുകൾ.
ദില്ലിയിൽ ഇന്നലെ നടന്ന അതി നിർണായക ചർച്ചയിൽ ഹൈക്കമാൻഡ് വിളിപ്പിച്ച കേരളത്തിലെ നേതാക്കളിൽ ഭൂരിപക്ഷവും പിന്തുണച്ചത് കെ സി വേണുഗോപാലിനെയാണെന്ന വിവരം പുറത്തുവന്നിട്ടുണ്ട്. കെ സിയെ തന്നെയാകും ഹൈക്കമാൻഡ് പ്രഖ്യാപിക്കുകയെന്നാണ് ഗ്രൂപ്പ് വിലയിരുത്തുന്നത്. ഏകപക്ഷീയ പ്രഖ്യാപനം ഉണ്ടാകില്ലെന്ന പ്രതീക്ഷയിലാണ് വി ഡി, ആർ സി പക്ഷങ്ങൾ. നമ്പറിന് അപ്പുറത്താണ് കേരളത്തിലെ സ്ഥിതി എന്ന് ഹൈക്കമാൻഡ് മനസ്സിലാക്കുന്നുവെന്നും ഇരു പക്ഷങ്ങളും വിലയിരുത്തുന്നുണ്ട്.
അതേസമയം കോൺഗ്രസിലെ മുഖ്യമന്ത്രി ചർച്ചയിൽ തനിക്ക് മുൻവിധിയില്ലെന്ന് നേതാക്കളോട് രാഹുൽ ഗാന്ധി വ്യക്തമാക്കിയിട്ടുണ്ട്. കേരളത്തിലെ സാഹചര്യം അറിയാനാണ് കൂടിയാലോചനയ്ക്ക് വിളിച്ചത്. എല്ലാ വശങ്ങളും ആലോചിച്ചായിരിക്കും തീരുമാനമെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കിയിട്ടുണ്ട്. സംഘടനയ്ക്ക് നിരക്കാത്ത പ്രവണതകൾ ഉണ്ടായി എന്നാണ് രാഹുലിന്റെ നിരീക്ഷണം. അന്തിമ പ്രഖ്യാപനത്തിന് മുന്നേ നേരിട്ട് ഘടകകക്ഷികളോട് സംസാരിക്കണോ എന്നതിലും ഇന്ന് രാഹുൽ തീരുമാനം കൈക്കൊള്ളും. ശേഷമാകും കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രി ആരെന്നുള്ള പ്രഖ്യാപനമെന്നാണ് വിവരം.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
