വിവാഹത്തിന് വെറും രണ്ട് ദിവസം മുമ്പ് വധു കോമയിൽ നിന്നുമുണർന്നു, മൂന്ന് മാസത്തെ അബോധാവസ്ഥയ്ക്ക് ശേഷം!

malayalampress
2 Min Read

വിവാഹത്തിന് വെറും രണ്ട് ദിവസം മാത്രം ബാക്കി നിൽക്കെ ചികിത്സാ പിഴവിനെത്തുടർന്ന് കോമയിലായിരുന്ന യുവതിയ്ക്ക് ബോധം തിരിച്ചുകിട്ടി. കിഴക്കൻ ചൈനയിലെ തിയാൻ സ്വദേശിയായ 24 -കാരി വാങ് റാൻറാൻ ആണ് മരണത്തെ മുഖാമുഖം കണ്ട ശേഷം ജീവിതത്തിലേക്ക് അത്ഭുതകരമായ മടങ്ങിവരവ് നടത്തിയത്. ഏപ്രിൽ 25 -നായിരുന്നു വാങ്ങിന്‍റെയും കാമുകൻ സാങ് സിറൂയിയുടെയും വിവാഹം നിശ്ചയിച്ചിരുന്നത്.

ആശുപത്രിയിലെത്തിയത് സാധാരണ ജലദോഷത്തിന്

കഴിഞ്ഞ ജനുവരിയിൽ തൊണ്ട വേദനയെത്തുടർന്ന് വാങ് അടുത്തുള്ള ഒരു ക്ലിനിക്കിൽ ചികിത്സ തേടിയിരുന്നു. ഒരു സാധാരണ ജലദോഷമാണെന്ന് കരുതിയാണ് അവർ ക്ലിനിക്കിലെത്തിയത്. എന്നാൽ, അവിടെ വെച്ച് നൽകിയ ഒരു ഇൻജക്ഷൻ വാങ്ങിന്‍റെ ജീവിതം മാറ്റിമറിച്ചു. മരുന്ന് നൽകുന്നതിന് മുൻപ് അലർജി പരിശോധന നടത്തുകയോ വിവരങ്ങൾ ചോദിക്കുകയോ ചെയ്തിരുന്നില്ല. ഇൻജക്ഷൻ എടുത്ത് മിനിറ്റുകൾക്കുള്ളിൽ വാങ്ങിന്‍റെ നാവ് മരവിക്കുകയും ശ്വാസതടസ്സവും ഛർദ്ദിയും അനുഭവപ്പെടുകയും ചെയ്തു. വൈകാതെ തന്നെ യുവതി അബോധാവസ്ഥയിലായി. ആശുപത്രിയിൽ എത്തിച്ചപ്പോൾ ‘അസിഡോസിസ്’, ‘ശ്വസന പരാജയം’ എന്നിവ കണ്ടെത്തി. തലച്ചോറിലേക്ക് നാല് മിനിറ്റിലധികം നേരത്തേക്ക് ഓക്സിജൻ ലഭിക്കാതിരുന്നതിനാൽ സ്ഥിതി അതീവ ഗുരുതരമായി.

വ്യാജ ഡോക്ടറും നേഴ്സും

പിന്നീട് നടന്ന അന്വേഷണത്തിൽ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തു വന്നത്. ഇൻജക്ഷൻ നൽകിയ വ്യക്തിക്ക് മതിയായ മെഡിക്കൽ പരിശീലനം ഉണ്ടായിരുന്നില്ലെന്നും, കുറിപ്പടി നൽകിയ ഡോക്ടർക്ക് പ്രാക്ടീസ് ചെയ്യാൻ യോഗ്യതയില്ലെന്നുമുള്ള ഞെട്ടിക്കുന്ന വിവരങ്ങളാണ് കണ്ടെത്തിയത്. ഇതോടെ, ക്ലിനിക്ക് അടച്ച് പൂട്ടിയ ഉടമ 2,00,000 യുവാൻ നഷ്ടപരിഹാരം നൽകി മുങ്ങി. അതിനോടകം തന്നെ 7,00,000 യുവാനിലധികം (ഏകദേശം 80 ലക്ഷം രൂപ) ചികിത്സാ ചിലവ് വന്ന കുടുംബം വലിയ സാമ്പത്തിക പ്രതിസന്ധിയിലായി.

ഒടുവിൽ, കണ്ണ് തുറന്ന് വധു

നീണ്ട 92 ദിവസത്തെ അബോധാവസ്ഥയ്ക്ക് ശേഷം, ഏപ്രിൽ 23 -ന് (വിവാഹത്തിന് രണ്ട് ദിവസം മുൻപ്) വാങ് കണ്ണ് തുറന്നു. തനിക്ക് അരികിലിരുന്ന സാങ്ങിനെ നോക്കി അവൾ പുഞ്ചിരിച്ചു. സംസാരിക്കാനോ സ്വയം ചലിക്കാനോ കഴിഞ്ഞിട്ടില്ലെങ്കിലും വാങ്ങിന്‍റെ കണ്ണുകളിലെ തിളക്കം തനിക്ക് വലിയ ആശ്വാസമാണ് നൽകിയതെന്ന് കണ്ണീരോടെ സാങ് പറയുന്നു. ആറുവർഷത്തെ പ്രണയത്തിനൊടുവിൽ വിവാഹിതരാകാൻ ഒരുങ്ങിയ ഈ ദമ്പതികളുടെ ദുരവസ്ഥ ചൈനീസ് സമൂഹ മധ്യമങ്ങളിൽ വലിയ ചർച്ചകൾക്കാണ് വഴി തുറന്നിരിക്കുന്നത്. യോഗ്യതയോ പരിശീലനമോ ലഭിക്കാത്ത വ്യാജ ആരോഗ്യ പ്രവ‍ർത്തകർക്കെതിരെ കടുത്ത നടപടി വേണമെന്ന ആവശ്യവും ശക്തമായി.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
Leave a Comment

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!