231 യാത്രക്കാരുമായി യുഎസിൽ ലാന്‍ഡ് ചെയ്യുന്നതിനിടെ ഒരു യാത്രാ വിമാനം അപകടത്തിൽപ്പെട്ടു. ഒരു ലൈറ്റ് പോസ്റ്റ് ഇടിച്ച് തെറിപ്പിച്ച വിമാനം വിമാനത്താവളത്തിലെ ഒരു ട്രക്കിനും കാര്യമായ തകരാറുണ്ടാക്കി. വിമാനം അപകടത്തിൽപ്പെട്ടെങ്കിലും യാത്രക്കാർക്കാർക്കും പരിക്കില്ലെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു. അതേസമയം വിമാനം അപകടത്തിൽപ്പെടുന്നതിന്‍റെ വീഡിയോകൾ സമൂഹ മാധ്യമ ഉപയോക്താക്കളെ അമ്പരപ്പിച്ചു.

ലൈറ്റ് പോസ്റ്റ് ഇടിച്ചിട്ടു, ട്രക്കിനും കാര്യമായ തകരാർ

മെയ് 3 -ാം തിയതി വെനീസിൽ നിന്ന് ന്യൂവാർക്കിലേക്ക് വന്ന യുണൈറ്റഡ് എയർലൈൻസ് വിമാനമാണ് അപകടത്തിൽപ്പെട്ടത്. ബോയിംഗ് 767 വിമാനം ലാന്‍റ് ചെയ്യുന്നതിനായി റൺവേയിൽ വീലുകൾ മുട്ടിയ അവസാന ഘട്ടത്തിലേക്ക് അടുക്കുമ്പോളായിരുന്നു അപകടം. ന്യൂജേഴ്‌സി ടേൺപൈക്കിന് മുകളിലൂടെ അസാധാരണമാംവിധം താഴ്ന്ന് പറന്ന് റോഡരികിലെ ഒരു ലൈറ്റ് പോസ്റ്റ് ഇടിച്ചിട്ടതിന് ശേഷം താഴെയുള്ള ഒരു ഡെലിവറി ട്രക്കിലും വിമാനച്ചിറക് ഇടിച്ചു. ട്രക്കിന്‍റെ മുന്നിലെ ഗ്ലാസ് ഇടിയുടെ ആഘാതത്തിൽ തകർന്നു.

സിസിടിവിയുടെയും വിമാനത്തിലെ ക്യാമറയിൽ നിന്നും… അങ്ങനെ പല ആംഗ്ലിളുകളിൽ നിന്നുള്ള അപകടത്തിന്‍റെ ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായത്. അപകടത്തിൽ വാറൻ ബോർഡ്ലി എന്ന ട്രക്ക് ഡ്രൈവർക്ക് നിസാര പരിക്കേറ്റു. അതേസമയം വിമാനത്തിലുണ്ടായിരുന്ന 221 യാത്രക്കാരും 10 ജീവനക്കാരും സുരക്ഷിതരായി ഇരിക്കുന്നെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു.

അന്വേഷണം ആരംഭിച്ചു

ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷനും നാഷണൽ ട്രാൻസ്പോർട്ടേഷൻ സേഫ്റ്റി ബോർഡും ഉൾപ്പെടെയുള്ള അധികാരികൾ ഔപചാരിക അന്വേഷണം ആരംഭിച്ചെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു. കാലാവസ്ഥ മുതൽ പൈലറ്റിന്‍റെ പ്രവർത്തനങ്ങൾ, എയർ ട്രാഫിക് കൺട്രോൾ നിർദ്ദേശങ്ങൾ വരെ എല്ലാം പരിശോധിക്കുമെന്നും റിപ്പോര്‍ട്ടുകൾ പറയുന്നു. സ്റ്റാൻഡേർഡ് നടപടിക്രമത്തിന്‍റെ ഭാഗമായി എയർലൈൻ ജീവനക്കാരെ ഡ്യൂട്ടിയിൽ നിന്ന് നീക്കം ചെയ്ത് കോക്ക്പിറ്റ് റെക്കോർഡിംഗുകൾ പോലീസ് ശേഖരിച്ചു. വീഡിയോ വൈലായതിന് പിന്നാലെ പല കാഴ്ചക്കാരും അവിശ്വാസം പ്രകടിപ്പിച്ച് രംഗത്തെത്തി.

VIDEO