സർക്കാരുണ്ടാക്കാൻ അതിവേഗ നീക്കവുമായി ടിവികെ, സിപിഎം നേതൃത്വത്തെ ബന്ധപ്പെട്ടു; വിജയിക്ക് രാഹുലിന്‍റെ അഭിനന്ദനം

News Desk
2 Min Read

ചെന്നൈ: തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ തമിഴക വെട്രി കഴകത്തിന്റെ (ടി വി കെ) അമ്പരപ്പിക്കുന്ന മുന്നേറ്റത്തിന് പിന്നാലെ സർക്കാരുണ്ടാക്കാൻ വിജയിന്‍റെ അതിവേഗ നീക്കം. 107 സീറ്റ് നേടി ഏറ്റവും വലിയ ഒറ്റകക്ഷിയായെങ്കിലും ടി വി കെയ്ക്ക് 118 എന്ന മാന്ത്രിക സംഖ്യ തൊടാനായില്ല.

234 അംഗ നിയമസഭയിൽ കേവല ഭൂരിപക്ഷത്തിന് 11 സീറ്റ് അകലമുള്ള സാഹചര്യത്തിൽ സർക്കാരുണ്ടാക്കാൻ വിജയ് ചടുല നീക്കത്തിലാണ്. ഇതിന്‍റെ ഭാഗമായി വിജയ് സി പി എം നേതൃത്വവുമായടക്കം ബന്ധപ്പെട്ടിട്ടുണ്ട്. എം കെ സ്റ്റാലിന്‍റെ ഡി എം കെ സഖ്യത്തിൽ മത്സരിച്ച് ജയിച്ച 2 എം എൽ എമാരുള്ള സി പി എമ്മിനെ ഒപ്പം നിർത്താനാണ് ടി വി കെയുടെ ശ്രമം. എന്നാൽ ഇക്കാര്യത്തിൽ നിലവിൽ തീരുമാനമൊന്നും എടുത്തിട്ടില്ലെന്നും രാഷ്ട്രീയ സാഹചര്യങ്ങൾ പരിഗണിച്ചേ മുന്നോട്ട് പോകൂ എന്നുമാണ് സി പി എം വൃത്തങ്ങൾ നൽകുന്ന സൂചന. പദ്മനാഭപുരം, കീഴ്വേലൂർ എന്നീ സീറ്റുകളിലാണ് തമിഴ്‌നാട്ടിൽ സി പി എം വിജയിച്ചത്. സി പി എമ്മിനൊപ്പം മറ്റുള്ളവരെയും വിജയ് ബന്ധപ്പെടുന്നതായാണ് വിവരം.

കൈ കൊടുക്കുമോ കോൺഗ്രസ്
അതിനിട വിജയിനെ അഭിനന്ദിച്ച് രാഹുൽ ഗാന്ധി രംഗത്തെത്തിയത് ശ്രദ്ധേയമായി. വിജയിയുമായി സംസാരിച്ചുവെന്നും യുവാക്കളുടെ ശബ്ദം പ്രതിഫലിക്കുന്ന ഈ ജനവിധി അവഗണിക്കാൻ കഴിയില്ലെന്നും രാഹുൽ വ്യക്തമാക്കി. തമിഴ്‌നാട്ടിലും പുതുച്ചേരിയിലും കോൺഗ്രസ് പ്രവർത്തകർ നടത്തിയ പ്രവർത്തനങ്ങൾക്ക് നന്ദി അറിയിച്ച അദ്ദേഹം ജനങ്ങളെ സംരക്ഷിക്കാനുള്ള പ്രവർത്തനം തുടരുമെന്നും പറഞ്ഞു. മുഖ്യമന്ത്രി എം കെ സ്റ്റാലിനെയും വിളിച്ചതായി രാഹുൽ ഗാന്ധി വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം ടി വി കെയെ കോൺഗ്രസ് പിന്തുണക്കുമോ എന്ന കാര്യത്തിലും ആകാംക്ഷ ഏറുകയാണ്. വിജയിനൊപ്പമുള്ള പഴയ ചിത്രം പങ്കുവെച്ച കോൺഗ്രസ് നേതാവ് പ്രവീൺ ചക്രവർത്തിയുടെ അനുമോദനമാണ് ഇക്കാര്യത്തിൽ ആകാംക്ഷയ്ക്ക് കാരണമായത്. പ്രവീൺ ചക്രവർത്തി – വിജയ് കൂടിക്കാഴ്ച നേരത്തെ വിവാദമായിരുന്നു. തെരഞ്ഞെടുപ്പിന്‍റെ ആദ്യ ഘട്ടത്തിൽ കോൺഗ്രസ് – ടി വി കെ സഖ്യമുണ്ടാകുമെന്ന വാർത്തകളുണ്ടായിരുന്നു. ഒരു വിഭാഗം നേതാക്കൾ ഇക്കാര്യം ശക്തമായി ആവശ്യപ്പെട്ടിരുന്നെങ്കിലും കോൺഗ്രസ് നേതൃത്വം ഡി എം കെയ്ക്ക് ഒപ്പം നിൽക്കാനാണ് തീരുമാനിച്ചത്.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
Leave a Comment

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!