രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് വിലക്ക് നീട്ടി ഹൈക്കോടതി; മുൻകൂർ ജാമ്യ ഹർജി ജനുവരി 7ന് പരിഗണിക്കും

0
17

കൊച്ചി: യുവതിയെ ബലാത്സംഗം ചെയ്യുകയും നിർബന്ധിച്ചു ഗർഭഛിദ്രം നടത്തുകയും ചെയ്തെന്ന കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ ജനുവരി 7 വരെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി. ഇന്ന് മുൻകൂർ ജാമ്യാപേക്ഷ പരിഗണിച്ചപ്പോഴാണ് കോടതി അറസ്റ്റിനുള്ള വിലക്ക് നീട്ടിയത്. ജാമ്യഹർജിയിൽ ജനുവരി 7ന് വിശദമായ വാദം കേൾക്കും. 

ജഡ്ജിയമ്മാവൻ കോവിലിൽ ദർശനം നടത്തി രാഹുൽ മാങ്കൂട്ടത്തിൽ
കേസിൽ വിശദമായി വാദം കേൾക്കണമെന്ന് വ്യക്തമാക്കിക്കൊണ്ടാണ് നേരത്തേ കോടതി രാഹുലിന്റെ അറസ്റ്റ് താൽക്കാലികമായി വിലക്കിയത്. പരസ്പര സമ്മതത്തോടെയുള്ള ബന്ധമായിരുന്നെന്നും ബന്ധത്തിൽ വിള്ളലുണ്ടായപ്പോൾ യുവതി പരാതി നൽകിയതാണ് എന്നുമാണ് മുൻകൂർ ജാമ്യ ഹർജിയിൽ രാഹുലിന്റെ വാദം.

ആരോപണം ബലാത്സംഗ കുറ്റത്തിന്റെ നിർവചനത്തിൽ വരുന്നതല്ല. ഗർഭഛിദ്രം നടത്തിയെന്ന ആരോപണം തെറ്റിദ്ധരിപ്പിക്കാനാണ്. ഇക്കാര്യത്തിൽ തന്റെ പക്കൽ മതിയായ തെളിവുകളുണ്ട്. കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ട ആവശ്യമില്ല. അന്വേഷണവുമായി സഹകരിക്കാൻ തയാറാണ് എന്നും ഹർജിയിൽ പറഞ്ഞിരുന്നു. തിരുവനന്തപുരം സെഷൻസ് കോടതി നേരത്തെ ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്നാണ് രാഹുൽ ഹൈക്കോടതിയെ സമീപിച്ചത്. 

രാഹുലിനെതിരായ രണ്ടാമത്തെ ബലാത്സംഗ പരാതിയിൽ തിരുവനന്തപുരം സെഷൻസ് കോടതിയിൽ നിന്ന് നേരത്തേ മുൻകൂർ ജാമ്യം ലഭിച്ചിട്ടുണ്ട്. ഹോം സ്റ്റേയിലെത്തിച്ച് ബലാത്സംഗം ചെയ്‌തെന്നു കാട്ടി, ബെംഗളൂരുവില്‍ താമസിക്കുന്ന 23 കാരി നല്‍കിയ പരാതിയാണിത്. എല്ലാ തിങ്കളാഴ്ചകളിലും അന്വേഷണ ഉദ്യോഗസ്ഥർക്കു മുന്നിൽ ഹാജരായി ഒപ്പിടണമെന്ന ഉപാധിയോടെയാണ് ഡിസംബർ 10ന് കേസിൽ മുൻകൂർ ജാമ്യം അനുവദിച്ചത്. വിധിക്കെതിരെ സർക്കാർ ഹൈക്കോടതിയിൽ അപ്പീൽ നൽകിയത് ക്രിസ്മസ് അവധിക്കു ശേഷം പരിഗണിക്കാൻ മാറ്റിയിരിക്കുകയാണ്.