യുക്രൈയ്ൻ സൈന്യം ഇന്ത്യൻ വിദ്യാര്‍ത്ഥിയെ കസ്റ്റഡിയിലെടുത്ത സംഭവം; നിർണായക ഇടപെടലുമായി ഹൈക്കോടതി

0
12

ദില്ലി: റഷ്യ -യുക്രൈയിൻ യുദ്ധത്തിൽ റഷ്യയ്ക്കുവേണ്ടി പങ്കെടുത്തുവെന്നാരോപിച്ച് യുക്രൈയിൻ സൈന്യം കസ്റ്റഡിയിലെടുത്ത 22 വയസ്സുള്ള ഇന്ത്യൻ വിദ്യാർത്ഥിയായ സാഹിൽ മജോത്തിയെ തിരിച്ചുകൊണ്ടുവരാൻ ഗൗരവമായ നടപടികൾ സ്വീകരിക്കണമെന്ന് ദില്ലി ഹൈക്കോടതി നിർദ്ദേശം.

കേന്ദ്രവിദേശകാര്യമന്ത്രാലയത്തിനാണ് നിർദ്ദേശം. റഷ്യയിൽ പഠിക്കാൻ പോയ വിദ്യാർത്ഥിയെ വ്യാജ മയക്കുമരുന്ന് കേസിൽ തടവിലാക്കി ഈ കേസ് ഒഴിവാക്കാൻ റഷ്യൻ സൈന്യത്തിൽ ചേരാൻ നിർബന്ധിച്ചുവെന്നാണ് വാദം. മകനെ ഇന്ത്യയിലേക്ക് തിരികെ കൊണ്ടുവരാൻ സഹായിക്കുന്ന നിർദ്ദേശങ്ങൾ പുറത്തിറക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാർത്ഥിയുടെഅമ്മയാണ ദില്ലി ഹൈക്കോടതിയെ സമീപിച്ചത്. മജോതിയെ റഷ്യൻ സൈന്യത്തിൽ ചേരാൻ നിർബന്ധിച്ചിരിക്കാമെന്നും ഇന്ത്യൻ സർക്കാർ, വിദ്യാർത്ഥിയെ ബന്ധപ്പെടാൻ നടപടികൾ സ്വീകരിക്കണമെന്നും ജസ്റ്റിസ് സച്ചിൻ ദത്ത വ്യക്തമാക്കി. 

യുക്രൈയിനിലേക്ക് അയച്ചശേഷം, മജോതി സേനയ്ക്ക് മുന്നിൽ സ്വമേധയാ കീഴടങ്ങിയതായിട്ടാണ് റിപ്പോർട്ടെന്ന് കേന്ദ്രം വാദിച്ചു. യുക്രൈയിൻ സർക്കാരുമായി ബന്ധപ്പെടാൻ ഒരു ലെയ്‌സൺ ഓഫീസറെ നിയമിക്കാൻ കോടതി സർക്കാരിനോട് നിർദ്ദേശിച്ചു. നാല് ആഴച്ചയ്ക്കം വിഷയത്തിൽ തൽസ്ഥിതി റിപ്പോർട്ട് സമർപ്പിക്കാനും കോടതി നിർദ്ദേശിച്ചു. ഡിസംബർ മൂന്നിന് ഹൈക്കോടതി കേസ് വീണ്ടും പരിഗണിക്കും. വിദ്യാർത്ഥിയുടെ മാതാവ് ഹസീനാബെൻ മജോതിക്ക് വേണ്ടി അഭിഭാഷകരായ ദീപ ജോസഫും റോബിൻ രാജുവും ഹാജരായി.