ഏഴ് കിലോ കഞ്ചാവുമായി 2 ഇതര സംസ്ഥാന തൊഴിലാളികൾ പിടിയിൽ. ബംഗാൾ മുർഷിദാബാദ് സ്വദേശി മലയ്ക്കുൽ ഷെയ്ഖ് (23), ജലാംഗി സ്വദേശി മുകലേശ്വർ റഹ്മാൻ (24) എന്നിവരെയാണ് റൂറൽ ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും ആലുവ പൊലീസും ചേർന്ന് പിടികൂടിയത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ റെയിൽവേ സ്റ്റേഷനിൽ നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്
ബാഗിലെ പ്രത്യേക അറയിൽ പായ്ക്ക് ചെയ്ത് ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്. ബംഗാളിൽ നിന്നും കിലോ 3000 രൂപയ്ക്ക് വാങ്ങി കൊച്ചിയിലെത്തിച്ച് 25000 രൂപയ്ക്ക് വിൽപന നടത്തി തിരിച്ചു പോകാനായിരുന്നു പദ്ധതിയെന്ന് പ്രതികൾ സമ്മതിച്ചു. പെരുമ്പാവൂർ ഭാഗത്തേക്കാണ് കഞ്ചാവ് കൊണ്ടുവന്നത്. ഇവർ സ്ഥിരമായി കഞ്ചാവ് വിൽപന നടത്തുന്നവരാണെന്നു സൂചനയുണ്ട്. ഇവരിൽ നിന്നും കഞ്ചാവ് വാങ്ങുന്നവരെക്കുറിച്ചും പൊലീസ് അന്വേഷണം ആരംഭിച്ചു.





