റിയാദ്: പുതിയ വീടുകളും പാർപ്പിട സമുച്ചയങ്ങളും നിമ്മിക്കാൻ കെട്ടിട നിർമ്മാണ ലൈസൻസ്പു ലഭിക്കണമെങ്കിൽ മരങ്ങൾ നടണമെന്ന ശ്രദ്ധേയമായ നടപടിയുമായി സഊദിയിലെ മുനിസിപ്പാലിറ്റി. കെട്ടിട നിർമ്മാണ ലൈസൻസ് ലഭിക്കാൻ കുറഞ്ഞത് മൂന്ന് മരങ്ങൾ നട്ടുപിടിപ്പിക്കണമെന്ന് വ്യവസ്ഥയാണ് പ്രാബല്യത്തിൽ വരുത്തിയത്. ഖസിം മേഖല സെക്രട്ടറി എഞ്ചിനീയർ മുഹമ്മദ് അൽ മജാലി മേഖലയിലെ മുനിസിപ്പാലിറ്റികളുടെ ഇത് സംബന്ധിച്ച സർക്കുലർ പുറപ്പെടുവിച്ചു.
ബിൽഡിംഗ് പെർമിറ്റ് ലഭിക്കുന്നതിന് വീടിനു ചുറ്റും മരങ്ങൾ നടുന്നത് വ്യവസ്ഥയാണെന്നും ഈ വ്യവസ്ഥ പരിശോധിക്കുന്നതുവരെ ഒക്യുപ്പൻസി സർട്ടിഫിക്കറ്റ് നൽകില്ലെന്നും അദ്ദേഹം സർക്കുലറിൽ വിശദീകരിച്ചു. ബിൽഡിംഗ് പെർമിറ്റുകളിലും ഒക്യുപ്പൻസി സർട്ടിഫിക്കറ്റുകളിലും വനവൽക്കരണ വ്യവസ്ഥ ഒരു പ്രാഥമിക ആവശ്യകതയായി ഉൾപ്പെടുത്താൻ അംഗീകൃത എഞ്ചിനീയറിംഗ് ഓഫീസുകൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
സഊദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ 2021 മാര്‍ച്ചില്‍ ആരംഭിച്ച സഊദി ഗ്രീന്‍ ഇനിഷ്യേറ്റീവിന്റെ ഭാഗമായി നിരവധി പദ്ധതികൾ നടപ്പിലാക്കിയിട്ടുണ്ട്. കാലാവസ്ഥാ വ്യതിയാനത്തിനെതിരെ പോരാടുന്നതിനായി കാര്‍ബണ്‍ ബഹിര്‍ഗമനം കുറയ്ക്കുക, വൃക്ഷലധാതികള്‍ വര്‍ധിപ്പിക്കുക, സമുദ്രത്തിലെയും കരയിലേയും പരിസ്ഥിതി വ്യവസ്ഥകളെ സംരക്ഷിക്കുക എന്നിവ ലക്ഷ്യമാക്കുന്ന സഊദിയുടെ വിഷന്‍ 2030 നോട് ചേർന്നാണ് സഊദി ഗ്രീന്‍ ഇനിഷ്യേറ്റീവ് നടപ്പിലാക്കുന്നത്.
സകാകയില്‍ നശിച്ചുകിടക്കുകയായിരുന്ന 7.5 ലക്ഷം ഹെക്ടര്‍ ഭൂമി അടുത്തിടെ പുനരുജ്ജീവിപ്പിച്ചതായി കിംഗ് സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് റോയല്‍ റിസര്‍വ് അതോറിറ്റി വ്യക്തമാക്കിയിരുന്നു. 130,700 ചതുരശ്ര കി.മീ വിസ്തൃതിയുള്ള റിസര്‍വില്‍ 3,992,200 തൈകള്‍ നട്ടുപിടിപ്പിച്ചതിന് പുറമെ വനങ്ങളുടെയും പുല്‍മേടുകളുടെയും സ്വാഭാവിക പുനരുജ്ജനനത്തെ ലക്ഷ്യമാക്കി യാരോ, ആര്‍ട്ടിമിഷ്യ, ഹാലോക്സിലോണ്‍ തുടങ്ങിയ7500 കിലോഗ്രാം വരുന്ന വിത്തുകളും വിതറിയിട്ടുണ്ട്.





