ട്രെയിനിൽ നിന്ന് പെൺകുട്ടിയെ ചവിട്ടി തള്ളിയിട്ട പ്രതിക്കെതിരെ വധശ്രമത്തിന് കേസെടുത്തു

0
27

വർക്കല: തിരുവനന്തപുരം വർക്കലയിൽ ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്ന് പെൺകുട്ടിയെ ചവിട്ടി തള്ളിയിട്ട പ്രതിക്കെതിരെ വധശ്രമത്തിന് കേസെടുത്തു. പനച്ചമൂട് സ്വദേശി സുരേഷ് കുമാറിനെതിരെ തമ്പാനൂർ റെയിൽവേ പൊലീസാണ് കേസെടുത്തത്.നിലവിൽ ആർപിഎഫ് കസ്റ്റഡിയിലുള്ള സുരേഷ് കുമാറിനെ ഇന്ന് കോടതിയിൽ ഹാജരാക്കും.

അതിനിടെ ട്രെയിനില്‍ നിന്ന് തള്ളിയിട്ട ശ്രീക്കുട്ടിയുമായി വാക്ക് തർക്കം ഉണ്ടായതായി പ്രതി സുരേഷ് പൊലീസിന് മൊഴി നല്‍കി.ട്രെയിനിന്‍റെ വാതിലിൻ്റെ സമീപത്തുനിന്ന് മാറിനിൽക്കാൻ ശ്രീക്കുട്ടിയോട് ആവശ്യപ്പെട്ടു. എന്നാല്‍ ശ്രീക്കുട്ടി മാറിയില്ല.ഇത് പ്രകോപനത്തിന് കാരണമായെന്നും തുടർന്ന് ശ്രീക്കുട്ടിയുമായി തർക്കം ഉണ്ടായതായും സുരേഷ് പൊലീസിനോട് പറഞ്ഞു.

ട്രെയിനിന്‍റെ വാതിലിനടുത്ത് നില്‍ക്കുകയായിരുന്ന പെണ്‍കുട്ടിയെ പ്രതി നടുവിന് ചവിട്ടി പുറത്തേക്കിടുകയായിരുന്നെന്നും പരിക്കേറ്റ ശ്രീക്കുട്ടിയുടെ സുഹൃത്ത് പറയുന്നു. ‘വാഷ്റൂമില്‍ പോയി വന്നശേഷം പുറത്തേക്ക് നോക്കി നില്‍ക്കുകയായിരുന്നു അവള്‍.ആദ്യം അവളെ നടുവിന് ചവിട്ടി താഴേക്കിട്ടു. തൊട്ടുപിന്നാലെ എന്‍റെ കൈയും കാലും പിടിച്ച് താഴേക്കിട്ടു. ഞാന്‍ പകുതി പുറത്തായിരുന്നു. ഒരു അങ്കിളാണ് എന്നെ പിടിച്ചുകയറ്റിയത്. ജനറല്‍ കമ്പാർട്ട്‌മെന്റിലായിരുന്നു യാത്ര ചെയ്തിരുന്നത്. യാതൊരു പ്രകോപനവും ഉണ്ടായിരുന്നില്ല.അയാള്‍ മദ്യപിച്ചിരുന്നു.പിന്നീട് യാത്രക്കാരാണ് അയാളെ പിടിച്ചുവെച്ചത്’.പെണ്‍കുട്ടിയുടെ സുഹൃത്ത് പറയുന്നു.

വീഴ്ചയെ തുടർന്ന് അബോധാവസ്ഥയിലായ പെൺകുട്ടിയെ വെന്റിലേറ്ററിൽ നിന്ന് മാറ്റിയതായി തിരുവനന്തപുരം മെഡിക്കൽ കോളേജ് അധികൃതർ പറഞ്ഞു. അത്യാഹിത വിഭാഗത്തിൽ നിന്ന് പാലോട് സ്വദേശിനിയായ 19കാരി ശ്രീക്കുട്ടിയെ സർജറി ഐസിയുവിലേക്കാണ് മാറ്റിയത്. ശരീരം മരുന്നുകളോട് പ്രതികരിക്കുന്നുണ്ട്. ആന്തരിക രക്തസ്രാവം ഉള്ളതിനാൽ 48 മണിക്കൂർ നിരീക്ഷണത്തിലാണ് പെൺകുട്ടിയുള്ളത്.