ലണ്ടൻ: സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ അപ്‌ലോഡ് ചെയ്ത അശ്ലീല ഉള്ളടക്കത്തിന്റെ പേരിൽ ബ്രിട്ടിഷ് കനോയിസ്റ്റ് കുർട്‌സ് ആഡംസ് റോസെന്റൽസിന് രണ്ട് വർഷത്തെ വിലക്ക് ഏർപ്പെടുത്തി.
വിമാനത്തിനുള്ളിൽ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതിന്റെ ദൃശ്യങ്ങൾ ഉൾപ്പെട്ട വിഡിയോ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ മാർച്ചിൽ അപ്‌ലോഡ് ചെയ്തതാണ് ഒളിംപിക്സിൽ മത്സരിക്കാനുള്ള താരത്തിന്റെ മോഹങ്ങൾക്ക് തിരിച്ചടിയാകുന്ന തീരുമാനത്തിന് കാരണമായിരിക്കുന്നത്.
23 വയസ്സുകാരനായ താരം ഒളിംപിക്സിൽ എത്താനുള്ള സ്വപ്നം പിന്തുടരുന്നതിന് അഡൽറ്റ് പ്ലാറ്റ്‌ഫോമായ ഓൺലി ഫാൻസിലെ വരുമാനം സാമ്പത്തികമായി മുന്നോട്ട് പോകാൻ സഹായിക്കുന്നുവെന്ന് നേരത്തെ അവകാശപ്പെട്ടിരുന്നു. ജനുവരി മുതൽ മേയ് വരെ ഓൺലി ഫാൻസ് അക്കൗണ്ടിൽ നിന്ന് 200,000 ഡോളറിലധികം (ഏകദേശം 1.6 കോടി രൂപ) സമ്പാദിച്ചതായും കുർട്‌സ് ആഡംസ് റോസെന്റൽസ് അവകാശപ്പെട്ടിരുന്നു. പരിശീലനം തുടരുന്നതിനായി 32,000 ഡോളർ വാർഷിക ഗ്രാന്റ് ലഭിച്ചിരുന്നെങ്കിലും അത് ചെലവുകൾക്ക് പര്യാപ്തമല്ലെന്നാണ് കുർട്സ് പറയുന്നത്.
‘അശ്ലീലവും നിന്ദ്യമോ അധാർമ്മികമോ ആയ പെരുമാറ്റം’ കായികരംഗത്തെ ‘അപകീർത്തിപ്പെടുത്തുന്നു’ എന്ന് അച്ചടക്ക സമിതി കണ്ടെത്തിയതോടെ താരത്തിനെതിരെ നടപടിയെടുത്തത്. ഇതോടെ ഒളിംപിക്സ് സ്വപ്നം താരത്തിന് നഷ്ടമാകുന്നതിന് പോലും സാധ്യതയുണ്ടെന്നാണ് കരുതപ്പെടുന്നത്. അത്ലീറ്റുകൾക്ക് ആവശ്യമായ ധനസഹായം നൽകിയിരുന്നെങ്കിൽ ഈ വിലക്ക് ഒരിക്കലും സംഭവിക്കില്ലായിരുന്നെന്നാണ് കുർട്‌സിന്റെ നിലപാട്. വിഡിയോ ചിത്രീകരിച്ചതിൽ ഖേദമില്ലെന്നും താരം ആവർത്തിച്ചു
എല്ലാവർക്കും സുരക്ഷിതമായ അന്തരീക്ഷം ഉറപ്പാക്കാൻ തങ്ങൾ പ്രതിജ്ഞാബദ്ധരാണെന്നും അത്ലീറ്റ് അച്ചടക്ക നയത്തിന് കീഴിൽ ആവശ്യമുള്ള നടപടിയെടുക്കുമെന്നും പാഡിൽ യുകെ പ്രസ്താവനയിൽ അറിയിച്ചു.





