പാക്കിസ്ഥാനെ വീഴ്ത്തി ഇന്ത്യ ഏഷ്യാ കപ്പില്‍ രാജാക്കന്‍മാരായെങ്കിലും ഗ്രൗണ്ടില്‍ കണ്ടത് അവസാനിക്കാത്ത നാടകീയ രംഗങ്ങള്‍. സമ്മാനദാന ചടങ്ങില്‍ ഇന്ത്യന്‍ ടീം കിരീടമോ മെഡലോ ഏറ്റുവാങ്ങിയില്ല. ഏഷ്യ ക്രിക്കറ്റ് കൗണ്‍സില്‍ ചെയര്‍മാനും പാക്കിസ്ഥാന്‍ മന്ത്രിയുമായ മുഹ്സ്വിന്‍ നഖ്വി സമ്മാനദാന ചടങ്ങില്‍ എത്തിയതോടെയാണ് സമ്മാനദാന ചടങ്ങില്‍ നിന്നും ഇന്ത്യയുടെ പിന്‍മാറ്റം.
വ്യക്തിഗത പുരസ്കാരങ്ങള്‍ സ്വീകരിച്ച ശേഷം സാങ്കല്‍പിക കിരീടം ഉയര്‍ത്തിയാണ് ഇന്ത്യ ഫോട്ടോയ്ക്ക് പോസ് ചെയ്തത്. ചിത്രങ്ങളില്‍ കളിക്കാരിൽ ആരും കഴുത്തിൽ മെഡലുകൾ ധരിച്ചിരുന്നില്ല, ക്യാപ്റ്റൻ സൂര്യകുമാർ യാദവിന്‍റെ കൈയ്യിലാകട്ടെ ട്രോഫിയും ഇല്ലായിരുന്നു. സമ്മാനദാന ചടങ്ങ് ആരംഭിക്കുമ്പോഴേക്കും നിരവധി ആരാധകരും സ്റ്റേഡിയം വിട്ടിരുന്നു.
മല്‍സരം അവസാനിച്ച് പിന്നെയും ഒരുമണിക്കൂറോളം കാത്തിരിക്കേണ്ടിവന്നു സമ്മാനദാന ചടങ്ങ് തുടങ്ങാന്‍. മുഹ്സിന്‍ നഖ്വി ഉള്‍പ്പടെയുള്ള വിഐപികള്‍ പോഡിയത്തിലും ഇന്ത്യന്‍ ടീം മൈതാനത്തും കാത്തുനിന്നെങ്കിലും പാക്കിസ്ഥാന്‍ ടീം എത്താന്‍ വൈകി. നഖ്‌വിയിൽ നിന്ന് ഏഷ്യാ കപ്പ് വാങ്ങാൻ ഇന്ത്യ വിസമ്മതിക്കുകയായിരുന്നു. പാക്കിസ്ഥാനിൽ മന്ത്രി എന്ന നിലയിലും നഖ്‌വിയുടെ പ്രകോപനപരമായ സോഷ്യൽ മീഡിയ പോസ്റ്റുകളുടെ പശ്ചാത്തലത്തിലും ഇന്ത്യ സമ്മാനദാന ചടങ്ങ് ബഹിഷ്കരിച്ചേക്കാമെന്ന് നേരത്തെ അഭ്യൂഹങ്ങളുണ്ടായിരുന്നു. അതേസമയം പാകിസ്ഥാൻ കളിക്കാർക്ക് റണ്ണേഴ്‌സ് അപ്പ് മെഡൽ നൽകുകയും ചെയ്തു. അഭിഷേക് ശർമ്മ പ്ലെയർ ഓഫ് ദി സീരീസ്, തിലക് വർമ്മ പ്ലെയർ ഓഫ് ദി ടൂർണമെന്റ് പുരസ്കാരങ്ങള്‍ ഏറ്റുവാങ്ങി. റണ്ണേഴ്സപ്പിനുള്ള സമ്മാനത്തുകയുടെ ചെക്ക് മൈതാനത്തേക്ക് എറിഞ്ഞാണ് സൽമാൻ അലി ആഗ പ്രതികരണത്തിനായി കമന്റേറ്റര്‍ സൈമണ്‍ ഡള്ളിനടുത്തേക്ക് എത്തിയത്.
നഖ്‌വിയിൽ നിന്ന് ടീം ട്രോഫി സ്വീകരിക്കേണ്ടെന്ന് തീരുമാനിച്ചതായി ക്യാപ്റ്റൻ സൂര്യകുമാർ യാദവ് തന്നെ സ്ഥിരീകരിച്ചു. ഈ നിലപാട് സ്വീകരിക്കാൻ ആരും നിർബന്ധിച്ചിട്ടില്ലെന്നും സൂര്യകുമാർ യാദവ് വ്യക്തമാക്കി. നഖ്‌വിക്കൊപ്പം വേദി പങ്കിട്ട എമിറേറ്റ്‌സ് ക്രിക്കറ്റ് ബോർഡ് വൈസ് ചെയർമാൻ ഖാലിദ് അൽ സറൂണിയിൽ നിന്ന് ട്രോഫി സ്വീകരിക്കാൻ തയ്യാറാണെന്ന് ഇന്ത്യ ഉദ്യോഗസ്ഥരെ അറിയിച്ചിരുന്നു. എന്നാൽ, നഖ്‌വി ഇത് അനുവദിച്ചില്ല. പിന്നാലെ വിജയിച്ച ടീമിന് ട്രോഫി നിഷേധിക്കപ്പെട്ട നടപടിയില്‍ അത്ഭുതം പ്രകടിപ്പിച്ചുകൊണ്ട് സൂര്യകുമാർ രംഗത്തെത്തി. ‘ക്രിക്കറ്റ് കളിക്കാന്‍ തുടങ്ങിയതിനുശേഷം ഞാൻ ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു കാര്യമാണിത്, ഒരു ചാമ്പ്യൻ ടീമിന് ട്രോഫി നിഷേധിക്കപ്പെടുന്നു, അതും കഷ്ടപ്പെട്ട് നേടിയെടുത്ത ഒന്നാണ്. എളുപ്പമുള്ള കാര്യമല്ല. രണ്ട് ദിവസത്തിനുള്ളിൽ ഞങ്ങൾ തുടർച്ചയായി രണ്ട് മികച്ച മത്സരങ്ങൾ കളിച്ചു, ഞങ്ങൾ അത് അർഹിക്കുന്നുണ്ട്’ വിജയത്തിന് ശേഷം മാധ്യമങ്ങളെ അഭിസംബോധന ചെയ്യവെ സൂര്യകുമാർ പറഞ്ഞു. ‘ട്രോഫികളെക്കുറിച്ച് പറയുകയാണെങ്കിൽ, എന്റെ ഡ്രസ്സിംഗ് റൂമിൽ 14 എണ്ണം ഉണ്ട്. എല്ലാ കളിക്കാരും സപ്പോർട്ട് സ്റ്റാഫും, അവരാണ് യഥാർഥ ട്രോഫികൾ. അത് എക്കാലവും എന്നോടൊപ്പമുണ്ടാകും’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കുല്‍ദീപ് യാദവും പുരസ്കാരം വാങ്ങിയതിന് പിന്നാലെ സമ്മാനദാന ചടങ്ങി അവസാനിക്കുന്നതായി കമന്റേറ്റര്‍ അറിയിച്ചു.
അതേസമയം, മുഹ്സ്വിന്‍ നഖ്വിയില്‍ നിന്ന് ട്രോഫി സ്വീകരിക്കാത്തതിലും പാക് ടീമിന് കൈ കൊടുക്കാത്തതിലും വിമര്‍ശനവുമായി പാകിസ്ഥാൻ ക്യാപ്റ്റൻ സൽമാൻ അലി ആഗ രംഗത്തെത്തിയിട്ടുണ്ട്. ഇന്ത്യ തങ്ങളോട് മാത്രമല്ല, ക്രിക്കറ്റ് എന്ന കായിക ഇനത്തെയും അനാദരിക്കുകയായിരുന്നെന്ന് സൽമാൻ പറഞ്ഞു. ‘മറ്റ് ടീമുകളും ഇത് ചെയ്യാൻ തുടങ്ങിയാൽ എന്തുചെയ്യും? ക്രിക്കറ്റ് താരങ്ങൾ മാതൃകകളാകേണ്ടവരാണ്; മൈതാനത്ത് ഇത്തരം പെരുമാറ്റം കണ്ട് കുട്ടികൾ എന്താണ് പഠിക്കുക? ഈ ടൂർണമെന്റിൽ സംഭവിച്ചതെല്ലാം വളരെ മോശമായിരുന്നു’ അദ്ദേഹം വ്യക്തമാക്കി.