ഇന്ത്യയിൽ ഡിജിറ്റൽ അറസ്റ്റ് കേസുകൾ വർധിക്കുന്നു; കേന്ദ്രത്തിന് നോട്ടീസ് അയച്ച് സുപ്രീം കോടതി

0
17

ഡൽഹി: രാജ്യത്ത് പൗരന്മാരെ ലക്ഷ്യമിട്ടുള്ള ഡിജിറ്റൽ അറസ്റ്റുകളും സൈബർ തട്ടിപ്പുകളും വർധിച്ചുവരുന്ന സാഹചര്യത്തിൽ കേന്ദ്രത്തിന് നോട്ടീസ് അയച്ച് സുപ്രീം കോടതി. ഇത്തരം കുറ്റകൃത്യങ്ങൾ തടയുന്നതിന് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തമ്മിൽ ഏകോപിത ശ്രമം അടിയന്തരമായി ആവശ്യമാണെന്ന് സുപ്രീം കോടതി പറഞ്ഞു.

സുപ്രീം കോടതി സ്വമേധയാ എടുത്ത നടപടികളിൽ പ്രതികരണം തേടിയ ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയമാല ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ച് സിബിഐയ്ക്കും ആഭ്യന്തര മന്ത്രാലയത്തിനും നോട്ടീസ് അയച്ചു. സെപ്റ്റംബർ 1 നും 16 നും ഇടയിൽ ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പിലൂടെ തങ്ങളുടെ ജീവിത സമ്പാദ്യം വഞ്ചിക്കപ്പെട്ടതായി അംബാലയിലെ ഒരു മുതിർന്ന പൗര ദമ്പതികൾ സെപ്റ്റംബർ 21 ന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കോടതി സ്വമേധയാ കേസെടുത്തത്.

സിബിഐ, ഇൻ്റലിജൻസ് ബ്യൂറോ, ജുഡീഷ്യൽ അധികാരികൾ എന്നിവരാണെന്ന് വ്യാജേന ചിലർ വീഡിയോ കോളുകളിലൂടെയും ടെലിഫോണിലൂടെയും ഇരകളെ ബന്ധപ്പെട്ടതായി പരാതിയിൽ പറയുന്നു. മുൻ ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന ഒപ്പിട്ട വ്യാജ ഉത്തരവുകൾ തട്ടിപ്പിന് ഇരയായവർ കോടതിയിൽ സമർപ്പിച്ചു.

വ്യാജ രേഖകൾ ഉപയോഗിച്ച് അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുകയും, ഒന്നിലധികം ബാങ്ക് ഇടപാടുകൾ വഴി 1.5 കോടി രൂപ കൈമാറാൻ നിർബന്ധിച്ചുവെന്നും ദമ്പതികൾ നൽകിയ പരാതിയിൽ പറയുന്നു. പ്രായമായവർക്കെതിരെ സൈബർ കുറ്റകൃത്യങ്ങൾ വർധിച്ചുവരുന്നു എന്നും കോടതി ചൂണ്ടിക്കാട്ടി.

ജഡ്ജിമാരുടെ വ്യാജ ഒപ്പുകളുള്ള ജുഡീഷ്യൽ ഉത്തരവുകൾ ജുഡീഷ്യറിയിലുള്ള പൊതു വിശ്വാസ സംവിധാനത്തിൻ്റെ അടിത്തറയെയാണ് ബാധിക്കുന്നത്. ഇത് ഒറ്റപ്പെട്ട സംഭവമല്ലെന്നും കോടതി ചൂണ്ടിക്കാട്ടി. രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ ഇത്തരം സംഭവങ്ങൾ നടന്നിട്ടുണ്ടെന്ന് മാധ്യമങ്ങളിൽ പലതവണ വലിയതോതിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട് എന്നും കോടതി നിരീക്ഷിച്ചു.