തേഞ്ഞിപ്പലം: ബസിന്റെ ഫീസടയ്ക്കാൻ വൈകിയതിന് യുകെജി വിദ്യാർഥിയെ വഴിയിൽ ഉപേക്ഷിച്ചെന്നു പരാതി. ചേലേമ്പ്രയിലെ സ്കൂളിലെ വിദ്യാർഥിയെയാണ് ബസിൽ കയറ്റാതിരുന്നത്. സാധാരണ പോലെ വീട്ടിൽ നിന്നിറങ്ങിയ വിദ്യാർഥി മറ്റു കുട്ടികൾക്കൊപ്പം ബസിൽ കയറാനെത്തിയപ്പോഴാണ് തടഞ്ഞത്.
2 മാസത്തെ ഫീസായ 1,000 രൂപ അടക്കാത്തതിനാൽ കുട്ടിയെ ബസിൽ കയറ്റേണ്ടെന്നു പ്രധാനാധ്യാപിക നിർദേശിച്ചെന്നാണു വിവരം. രക്ഷിതാക്കളാരും കൂടെയില്ലാഞ്ഞിട്ടും കുട്ടിയെ വഴിയിൽ ഉപേക്ഷിച്ചെന്നാണു പരാതി. കണ്ണുനിറഞ്ഞ് വഴിയിൽ നിന്ന കുട്ടിയെ മറ്റൊരു സ്ത്രീയാണ് വീട്ടിലാക്കിയത്. ഇതു സംബന്ധിച്ച് രക്ഷിതാക്കൾ മന്ത്രി വി.ശിവൻകുട്ടിക്കും ബാലാവകാശ കമ്മീഷനും പൊലീസിനും പരാതി നൽകി.