മരുമകനെ സത്കരിക്കാൻ കോഴിയെ വെടിവച്ചു; ഉന്നം തെറ്റി അയൽവാസിക്ക് ദാരുണാന്ത്യം

0
144
  • കോഴിയെ പിടിക്കാൻ കഴിയാതെ വന്നപ്പോൾ അനധികൃതമായി കൈവശം വച്ചിരുന്ന നാടൻ തോക്ക് എടുത്ത് കോഴിയെ വെടിവയ്ക്കാൻ ശ്രമിക്കുകയായിരുന്നു.

ചെന്നൈ: മരുമകനെ സത്കരിക്കാനുള്ള ശ്രമം അയൽവാസിയുടെ ദാരുണ മരണത്തിനിടയാക്കിയിരിക്കുകയാണ്. കല്ലക്കുറിച്ചി ജില്ലയിലെ മെൽമദൂർ ഗ്രാമത്തിൽ, നാടൻ തോക്ക് ഉപയോഗിച്ച് കോഴിയെ വെടിവയ്ക്കാൻ ശ്രമിക്കുന്നതിനിടെ അബദ്ധത്തിൽ അയൽവാസിയായ യുവാവിന് വെടിയേറ്റാണ് ദുരന്തം സംഭവിച്ചത്.

കോട്ടപ്പുപുത്തൂർ ഗ്രാമപഞ്ചായത്തിന് കീഴിലുള്ള മെൽമദൂർ ഗ്രാമത്തിൽ താമസിക്കുന്ന അണ്ണാമലയുടെ കൈപിഴയാണ് ഈ ദുരന്തത്തിന് കാരണമായത്. വീട്ടിലെത്തിയ മരുമകന് വിരുന്നൊരുക്കാൻ ചിക്കൻ കറി തയ്യാറാക്കാൻ തീരുമാനിച്ച അണ്ണാമല, വീടിന് പുറത്ത് ചുറ്റിത്തിരിഞ്ഞിരുന്ന ഒരു കോഴിയെ പിടിക്കാൻ ശ്രമിച്ചു. എന്നാൽ, കോഴി പിടികൊടുക്കാതെ വന്നപ്പോൾ, അനധികൃതമായി കൈവശം വച്ചിരുന്ന നാടൻ തോക്ക് എടുത്ത് അണ്ണാമല കോഴിയെ വെടിവയ്ക്കാൻ ശ്രമിക്കുകയായിരുന്നു.

എന്നാൽ, ഉന്നം തെറ്റിയ വെടിയുണ്ട കോഴിക്ക് ഇട്ട് കൊള്ളാതെ അയൽവാസിയായ പ്രകാശ് എന്ന യുവാവിന്റെ തലയിൽ പതിക്കുകയായിരുന്നു. ആ സമയം ഉറങ്ങുകയായിരുന്ന പ്രകാശ് സംഭവസ്ഥലത്ത് തന്നെ മരിച്ചു.

സംഭവം അറിഞ്ഞ അയൽവാസികൾ ഉടൻ കരിയാലൂർ പൊലിസിനെ വിവരമറിയിച്ചു. പൊലിസ് സ്ഥലത്തെത്തി പ്രകാശിന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി കല്ലക്കുറിച്ചി സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് അയച്ചു. അനധികൃതമായി നാടൻ തോക്ക് കൈവശം വച്ച് ഉപയോഗിച്ച അണ്ണാമലയെ പൊലിസ് കസ്റ്റഡിയിൽ എടുത്തു.

സംഭവത്തിൽ വിശദമായ അന്വേഷണം നടക്കുകയാണ്. അനധികൃത തോക്ക് കൈവശം വച്ചതുമായി ബന്ധപ്പെട്ട് മൂന്ന് പേർക്കെതിരെ സൂചനകൾ ലഭിച്ചിട്ടുണ്ട്. ഈ ദുരന്തം അബദ്ധത്തിൽ സംഭവിച്ചതാണോ, അതോ ആസൂത്രിത കൊലപാതകമാണോ, അണ്ണാമലയ്ക്കും പ്രകാശിനും ഇടയിൽ മുൻവൈരാഗ്യം ഉണ്ടായിരുന്നോ എന്നീ കാര്യങ്ങൾ പൊലിസ് പരിശോധിക്കുന്നുണ്ട്. മറ്റാർക്കെങ്കിലും സംഭവത്തിൽ പങ്കുണ്ടോ എന്നും അന്വേഷിക്കുന്നു.