സഊദിയില്‍ പതിനായിരത്തിലേറെ വര്‍ഷം പഴക്കമുള്ള മനുഷ്യ വാസസ്ഥലം കണ്ടെത്തി; മനുഷ്യ അസ്ഥികൂട ഘടനകള്‍, കത്തികള്‍, അമ്പ് എന്നിവയും | Photos

0
125

റിയാദ്: അറബിക്കടലിന്റെ ആഴമേറിയ ചരിത്രത്തിലേക്കും പുരാതന നാഗരികതകളിലേക്കും വെളിച്ചം വീശുന്ന വിധത്തില്‍ സഊദി അറേബ്യയില്‍ അസാധാരണമായ പുരാവസ്ഥുക്കളുടെ കണ്ടെത്തല്‍. തബൂക്ക് നഗരത്തിന്റെ വടക്കുപടിഞ്ഞാറുള്ള വാദി ഡാം മാസിയോണില്‍ (Masyoun or Musaywin) പതിനായിരത്തിലേറെ വര്‍ഷം പഴക്കമുള്ള മനുഷ്യ വാസസ്ഥലവും വസ്തുക്കളും ആണ് കണ്ടെത്തിയത്.

രാജ്യത്തിന്റെ സമീപകാല ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ഇതെന്ന്, പുരാവസ്തു കണ്ടെത്തല്‍ അനാച്ഛാദനം ചെയ്ത് സഊദി ഹെറിറ്റേജ് കമ്മീഷന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

മനുഷ്യരാശിയുടെ ആദ്യകാല അധ്യായങ്ങളില്‍ സഊദി അറേബ്യയുടെ പങ്ക് അടിവരയിടുന്ന അറേബ്യന്‍ ഉപദ്വീപ് നാഗരികതയുടെ പുരാതന തൊട്ടിലാണെന്നതിന്റെ ശക്തമായ തെളിവാണ് മാസിയോണ്‍ കുടിയേറ്റകേന്ദ്രമെന്ന് സഊദി ഹെറിറ്റേജ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഏകദേശം 10,300 മുതല്‍ 11,000 വര്‍ഷങ്ങള്‍ വരെ പഴക്കമുള്ള ഈ സ്ഥലം നിയോലിത്തിക്ക് കാലഘട്ടത്തിലെ (Neolithic period or Pre-Pottery) ആണെന്ന് പുരാവസ്തു ഗവേഷകര്‍ സ്ഥിരീകരിച്ചു.

സഊ ദിയുടെ വടക്കുപടിഞ്ഞാറന്‍ ഭാഗത്ത് മനുഷ്യ കുടിയേറ്റത്തിന്റെ തുടക്കത്തെ അടയാളപ്പെടുത്തുന്നാണ് ഈ കണ്ടെത്തല്‍.1978ല്‍ ദേശീയ പുരാവസ്തു രജിസ്റ്ററില്‍ ആദ്യമായി രേഖപ്പെടുത്തപ്പെട്ട ഈ പ്രദേശം 2022 ഡിസംബറില്‍ ഖനനം പുനരാരംഭിച്ചതോടെ പുതിയ പ്രാധാന്യം നേടി. 2024 മെയ് മാസത്തില്‍ പൂര്‍ത്തിയാക്കിയ നാല് ഫീല്‍ഡ് സീസണുകളില്‍ അര്‍ദ്ധ വൃത്താകൃതിയിലുള്ള കല്ല് ഘടനകള്‍, സംഭരണ ഇടങ്ങള്‍, ഇടനാഴികള്‍, അടുപ്പുകള്‍ എന്നിവ കണ്ടെത്തി.

ആമസോണൈറ്റ്, ക്വാര്‍ട്‌സ്, ഷെല്ലുകള്‍ എന്നിവയില്‍ നിന്ന് നിര്‍മ്മിച്ച ആഭരണങ്ങള്‍ക്കൊപ്പം അമ്പടയാളങ്ങള്‍, കത്തികള്‍, പൊടിക്കാനുള്ള ഉപകരണങ്ങള്‍ എന്നിവയും പുരാവസ്തു ഗവേഷകര്‍ കണ്ടെടുത്തവയില്‍ ഉള്‍പ്പെടും. ചുറ്റുമുള്ള പാറകലകളും ലിഖിതങ്ങളും ആദ്യകാല കര കൗശലവിദ്യയുടെയും ദൈനംദിന ജീവിതത്തിന്റെയും അപൂര്‍വ തെളിവുകളും നല്‍കുന്നു.