വോട്ടര്‍പട്ടിക പരിഷ്കരണത്തിന് ആധാര്‍ തിരിച്ചറിയല്‍ രേഖ; സുപ്രീംകോടതിയുടെ നിര്‍ണായക ഇടപെടല്‍

0
6

ബിഹാറിലെ വോട്ടര്‍പട്ടിക പരിഷ്കരണത്തിന് പരിഗണിക്കാവുന്ന തിരിച്ചറിയല്‍ രേഖകളുടെ കൂട്ടത്തില്‍ ആധാര്‍ ഉള്‍പ്പെടുത്തി സുപ്രീംകോടതി. തിരഞ്ഞെടുപ്പ് കമ്മിഷന്‍ നിശ്ചയിച്ച 11 തിരിച്ചറിയല്‍ രേഖകള്‍ക്ക് പുറമേയാണ് ആധാര്‍ കൂടി പരിഗണിക്കാനുള്ള നിര്‍ദേശം. ഇതോടെ വോട്ടര്‍ പട്ടികയില്‍ പേരുചേര്‍ക്കാന്‍ ആധാര്‍ ആധികാരിക രേഖയാകും.

അതേസമയം ആധാര്‍ പൗരത്വം തെളിയിക്കാനുള്ള രേഖയല്ലെന്ന് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മാല ബാഗ്ചി എന്നിവരുള്‍പ്പെട്ട ബെഞ്ച് ഇടക്കാല ഉത്തരവില്‍ വ്യക്തമാക്കി. വോട്ടര്‍മാര്‍ നല്‍കുന്ന രേഖകള്‍ സാധുവാണോ എന്ന് പരിശോധിക്കാനുള്ള അവകാശം തിരഞ്ഞെടുപ്പ് കമ്മിഷനുണ്ടെന്നും കോടതി പറഞ്ഞു. ആധാര്‍ തിരിച്ചറിയല്‍ രേഖകളില്‍ ഉള്‍പ്പെടുത്തിയ വിവരം പൊതുജനങ്ങളെ അറിയിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കണം.

ആധാര്‍ തിരിച്ചറിയല്‍ രേഖയായി അംഗീകരിച്ച് ഇന്നുതന്നെ ഉദ്യോഗസ്ഥര്‍ക്ക് രേഖാമൂലം നിര്‍ദേശം നല്‍കാനും സുപ്രീംകോടതി തിരഞ്ഞെടുപ്പ് കമ്മിഷനോട് നിര്‍ദേശിച്ചു. ബിഹാര്‍ വോട്ടര്‍പട്ടികയുടെ തീവ്രപരിഷ്കരണ നടപടികളുടെ ഭാഗമായി 65 ലക്ഷത്തോളം പേരുകള്‍ നീക്കം ചെയ്യുന്നത് ചോദ്യം ചെയ്താണ് രാഷ്ട്രീയപാര്‍ട്ടികളും സംഘടനകളും കോടതിയെ സമീപിച്ചത്. ഇവര്‍ ആധാര്‍ ഹാജരാക്കിയാല്‍ തിരിച്ചറിയല്‍ രേഖയായി കണക്കാക്കണമെന്ന് നേരത്തേ സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. ഇതാണ് എല്ലാ വോട്ടര്‍മാര്‍ക്കും ബാധകമാക്കിയത്.

മൂന്നുവട്ടം കോടതി ഉത്തരവിട്ടിട്ടും ആധാര്‍ തിരിച്ചറിയല്‍ രേഖയായി അംഗീകരിക്കാത്ത ഉദ്യോഗസ്ഥര്‍ക്ക് തിരഞ്ഞെടുപ്പ് കമ്മിഷന്‍ കാരണംകാണിക്കല്‍ നോട്ടിസ് നല്‍കിയിരുന്നു. എന്നാല്‍ കമ്മിഷന്‍ വ്യക്തമായ നിര്‍ദേശം നല്‍കാത്തതുകൊണ്ടാണ് ബിഎല്‍ഒമാര്‍ അടക്കമുള്ള ഉദ്യോഗസ്ഥര്‍ ഉത്തരവ് നടപ്പാക്കാത്തതെന്ന് ഹര്‍ജിക്കാര്‍ക്കുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ ചൂണ്ടിക്കാട്ടി.