ഇനി കിടന്നും യാത്ര ചെയ്യാം; ആഡംബരങ്ങളോടെ കുതിച്ചുപായാൻ ‘വന്ദേഭാരത് സ്ലീപ്പർ എക്സ്‌പ്രസ്’

0
8

ഡൽഹി: രാജ്യത്തെ ദീർഘദൂര അതിവേഗ റെയിൽ സഞ്ചാര മാർഗമായ വന്ദേഭാരതിൽ പുതിയ പരിഷ്ക്കരണം. രാജ്യത്തെ ആദ്യത്തെ വന്ദേഭാരത് സ്ലീപ്പർ എക്സ്‌പ്രസ് ട്രെയിൻ ഈ മാസം അവസാനത്തോടെയോ അല്ലെങ്കിൽ ഒക്ടോബർ ആദ്യവാരമോ സർവീസ് ആരംഭിക്കുമെന്നാണ് ഇന്ത്യൻ റെയിൽവേയെ ഉദ്ധരിച്ച് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നത്.

ആദ്യഘട്ടത്തിൽ ഡൽഹി മുതൽ പാറ്റ്ന വരെയാണ് വന്ദേഭാരത് സ്ലീപ്പർ എക്സ്‌പ്രസ് കുതിച്ചുപാഞ്ഞെത്തുക. വൈകാതെ തന്നെ ബിഹാറിലെ ദർഭംഗ വരെയോ സിതാമർഹി വരെയോ സർവീസ് നീട്ടാനുമിടയുണ്ടെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പ്, ദീപാവലി, ഛാത്ത് പൂജ എന്നിവയോട് അനുബന്ധിച്ചാണ് പുതിയ ട്രെയിൻ സർവീസ് ആരംഭിക്കുന്നത്.

പുതിയ വന്ദേ ഭാരത് സ്ലീപ്പർ എക്സ്പ്രസിൻ്റെ സവിശേഷതകൾ
രാത്രി യാത്രകൾക്ക് ആധുനിക സുഖസൗകര്യങ്ങളാണ് ഈ ട്രെയിൻ സമ്മാനിക്കുന്നത്. മണിക്കൂറിൽ 180 കിലോമീറ്റർ വരെ വേഗത കൈവരിക്കാൻ കഴിവുള്ള പുതിയ വന്ദേഭാരത് ട്രെയിനുകൾ ഇരുവശത്തും ഡ്രൈവർ ക്യാബിനുകളുണ്ട്. ഇത് ടെർമിനലുകളിലെ ടേൺ എറൗണ്ട് കാലതാമസം ഒഴിവാക്കാൻ സഹായിക്കും.

കൂട്ടിയിടി തടയാനുള്ള ആൻ്റി കൊളിഷൻ സാങ്കേതിക വിദ്യ, സിസിടിവി നിരീക്ഷണം, ക്രാഷ് റെസിസ്റ്റൻ്റ് കോച്ചുകൾ, യാത്രക്കാരുടെ വിവരങ്ങൾക്കായി എൽഇഡി സ്ക്രീനുകൾ എന്നിവയാണ് മുഖ്യ സവിശേഷതകൾ. ഇതോടൊപ്പം മെച്ചപ്പെട്ട അഗ്നിസുരക്ഷാ മാനദണ്ഡങ്ങളും ഈ ട്രെയിൻ പാലിക്കുന്നുണ്ടെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു.

വിമാനയാത്ര പോലെ കൂടുതൽ മെച്ചപ്പെട്ട സൗകര്യങ്ങൾ
വിമാനത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടുള്ള ഇരിപ്പിടങ്ങൾ, മൃദുവായ ലൈറ്റിംഗ്, എർഗണോമിക് സ്ലീപ്പർ ബെർത്തുകൾ, സെൻസർ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഓട്ടോമാറ്റിക് വാതിലുകൾ, ആധുനിക ബയോ ടോയ്‌ലറ്റുകൾ എന്നിവ ഇൻ്റീരിയറുകളുടെ ഭാഗമായി ഉൾപ്പെടുത്തിയിട്ടുണ്ട്.