ഫരീദാബാദ്: ഹരിയാനയിലെ ഫരീദാബാദിൽ കെട്ടിടത്തിലെ ഒന്നാം നിലയിൽ എയർ കണ്ടീഷനറിലെ കംപ്രസർ പൊട്ടിത്തെറിച്ചതിനെ തുടർന്നുണ്ടായ വിഷപ്പുക ശ്വസിച്ച് തൊട്ടുമുകളിലത്തെ നിലയിൽ താമസിച്ചിരുന്ന ഒരു കുടുംബത്തിലെ മൂന്ന് പേർക്ക് ദാരുണാന്ത്യം. ഞെട്ടിക്കുന്ന അപകടത്തിൽ സച്ചിൻ കപൂർ, ഭാര്യ റിങ്കു കപൂർ, മകൾ സുജൻ കപൂർ എന്നിവരും വളർത്തു നായയുമാണ് കൊല്ലപ്പെട്ടത്.
മകൻ ജനലിലൂടെ പുറത്തേക്ക് ചാടി രക്ഷപ്പെട്ടെങ്കിലും വിഷപ്പുക ശ്വസിച്ചതിനാൽ ഗുരുതരാവസ്ഥയിൽ ചികിത്സയിൽ തുടരുകയാണ്. നാല് നില ബിൽഡിങ്ങിൻ്റെ ആദ്യത്തെ നിലയിലാണ് എസി പൊട്ടിത്തെറിച്ച് അപകടമുണ്ടായത്. ഈ സമയം ഒന്നാമത്തെ നിലയിൽ ആളുകളൊന്നും ഉണ്ടായിരുന്നില്ല.
അതേസമയം, സ്ഫോടനത്തിന് പിന്നാലെ വിഷപ്പുക രണ്ടാമത്തെ നിലയിലേക്ക് എത്തിയതോടെയാണ് ഇവിടെ കിടന്നുറങ്ങുകയായിരുന്ന കുടുംബം അപകടത്തിൽപ്പെട്ടത്. സച്ചിൻ കപൂറും റിങ്കുവും മകളുമെല്ലാം വിഷപ്പുക ശ്വസിച്ചാണ് മരിച്ചതെന്നാണ് പൊലീസ് നൽകുന്ന വിവരം. രാത്രി 1.30 ഓടെയാണ് വലിയ സ്ഫോടന ശബ്ദം കേട്ട് അയൽവാസികൾ എണീറ്റത്.
തുടർന്ന് കുടുംബത്തെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും അതിനോടകം വളർത്തു നായ ഉൾപ്പെടെ നാലുപേരും മരിച്ചിരുന്നു. മകനെ മാത്രമാണ് ജീവനോടെ രക്ഷപ്പെടുത്താനായത്. ഈ കെട്ടിടത്തിലെ നാലാം നിലയിൽ ഏഴംഗ കുടുംബവും താമസിച്ചിരുന്നുവെങ്കിലും ഇവർ അത്ഭുതകരമായി രക്ഷപ്പെട്ടു.