കുളിക്കാനിറങ്ങിയപ്പോൾ ഒഴുക്കിൽപെട്ടു; കാണാതായ പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തി

0
10

മട്ടന്നൂർ: വെളിയമ്പ്ര എളന്നൂരിൽ പുഴയിൽ ഒഴുക്കിൽപെട്ട് കാണാതായ കോഴിക്കോട് കുറ്റ്യാടി സ്വദേശിയായ പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തി. നരിക്കൂട്ടുംചാൽ സ്വദേശി ഖലീൽ റഹ്മാന്റെയും സമീറയുടെയും ഏക മകൾ ഇർഫാനയുടെ (18) മൃതദേഹമാണ് കണ്ടെത്തിയത്.

ശനിയാഴ്ച വൈകിട്ട് നാലോടെയാണ് ഇർഫാനയെ പുഴയിലെ ഒഴുക്കിൽപ്പെട്ടു കാണാതായത്. ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെ, കുട്ടി ഒഴുക്കിൽപ്പെട്ടിടത്തുനിന്ന് 10 കിലോമീറ്ററോളം അകലെ പറശ്ശിനിക്കടവ് ഭാഗത്തുനിന്നാണ് മൃതദേഹം കിട്ടിയത്.

ഓണാവധിക്ക് കുറ്റ്യാടിയിൽനിന്ന് വെളിയമ്പ്രയിലെ അമ്മവീട്ടിലെത്തിയതായിരുന്നു പെൺകുട്ടി. ബന്ധുക്കൾക്കൊപ്പം കുളിക്കാനായി പുഴയിലിറങ്ങിയപ്പോൾ അബദ്ധത്തിൽ വെള്ളത്തിലേക്കു വീഴുകയായിരുന്നു. പെൺകുട്ടിക്കായി അഗ്നിരക്ഷാസേനയും സിവിൽ ഡിഫൻസും ചേർന്ന് തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ സാധിച്ചില്ല. പഴശ്ശി ഡാമിന്റെ ഷട്ടർ അടച്ചാണ് തിരച്ചിൽ നടത്തിയത്. ഞായറാഴ്ച വൈകിട്ടു നിർത്തിവച്ച തിരച്ചിൽ ഇന്നു പുലർച്ചയോടെ ആരംഭിച്ചു. ഇതിനിടെയാണ് പറശ്ശിനിക്കടവ് ഭാഗത്തുനിന്ന് മൃതദേഹം കണ്ടെത്തിയത്.