റിയാദ്: ചെങ്കടലിലെ കേബിളുകള്‍ തകരാറായതിനെ തുടർന്ന് സേവനം തടസ്സപ്പെട്ടേക്കുമെന്ന് മുന്നറിയിപ്പ്. മൈക്രോസോഫ്റ്റിന്റെ ക്ലൗഡ് കമ്പ്യൂട്ടിങ് സേവനമായ അസൂര്‍ (Azure) ഉപയോഗിക്കുന്നവര്‍ക്ക് സേവന ലഭ്യതയില്‍ കാലതാമസം നേരിട്ടേക്കാമെന്നാണ് നിലവിലെ മുന്നറിയിപ്പ്. ചെങ്കടലിന് അടിയിലുള്ള നിരവധി ഫൈബര്‍ ഒപ്റ്റിക് കേബിളുകള്‍ തകരാറിലായതാണ് ഇതിന് കാരണം.
കേബിളുകളുടെ തകരാര്‍ കാരണം മിഡില്‍ ഈസ്റ്റിലുടനീളം ഡാറ്റാ ട്രാഫിക് വര്‍ദ്ധിക്കാന്‍ സാധ്യതയുണ്ടെന്ന് മൈക്രോസോഫ്റ്റ് പുറത്തിറക്കിയ സര്‍വീസ് അപ്ഡേറ്റില്‍ പറയുന്നു. പ്രത്യേകിച്ച് ഏഷ്യയില്‍ നിന്നോ യൂറോപ്പില്‍ നിന്നോ വരുന്നതോ അവിടേക്ക് പോകുന്നതോ ആയ ഡാറ്റാ കൈമാറ്റത്തെ ഇത് കാര്യമായി ബാധിച്ചേക്കാം.
കേബിളുകള്‍ക്ക് സംഭവിച്ച തകരാറുകളുടെ പൂര്‍ണ്ണമായ വിവരങ്ങള്‍ മൈക്രോസോഫ്റ്റ് പുറത്തുവിട്ടിട്ടില്ല. എങ്കിലും, ഈ സാഹചര്യം കണക്കിലെടുത്ത് ഉപയോക്താക്കള്‍ക്ക് മികച്ച സേവനം ഉറപ്പാക്കാന്‍ കമ്പനി ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്ന് പ്രസ്താവനയില്‍ പറയുന്നു. എത്ര സമയത്തിനുള്ളില്‍ പ്രശ്‌നം പരിഹരിക്കാന്‍ സാധിക്കുമെന്നതിനെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.