കൊച്ചിയിൽ വീണ്ടും ഓൺലൈൻ തട്ടിപ്പ്; ഫോർട്ട് കൊച്ചി സ്വദേശിനിയിൽ നിന്ന് തട്ടിയത് 95,000 രൂപ

0
10

കൊച്ചി: കൊച്ചിയിൽ വീണ്ടും ഓൺലൈൻ തട്ടിപ്പ്. ഫോർട്ട് കൊച്ചി സ്വദേശിയായ യുവതിയിൽ നിന്ന് 95,000 രൂപ തട്ടിയെടുത്തു. വാട്സാപ്പിൽ ലിങ്ക് അയച്ച് നൽകിയായിരുന്നു തട്ടിപ്പ്.

‘കുക്കു എഫ്എം’ കസ്റ്റമർ കെയറിൽ നിന്നാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് തട്ടിപ്പ് നടത്തിയത്. ഫോണിന്റെ നിയന്ത്രണം കൈവശപ്പെടുത്തി ബാങ്ക് അക്കൗണ്ടിൽ നിന്ന് പണം തട്ടുകയായിരുന്നു. പരാതി ലഭിച്ചതിനെ തുടർന്ന് ഫോർട്ട് കൊച്ചി പോലീസ് കേസെടുത്തു.

അതേസമയം, കൊച്ചിയിൽ ഓൺലൈൻ തട്ടിപ്പിലൂടെ 26 കോടി രൂപ നഷ്ടപ്പെട്ട സംഭവത്തിൽ ചില സൂചനകൾ ലഭിച്ചിട്ടുണ്ടെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ അറിയിച്ചു. പ്രത്യേക സംഘം അന്വേഷണം തുടരുകയാണ്. തട്ടിപ്പിന് പിന്നിൽ സൈപ്രസ് മാഫിയ ആണെന്നാണ് പൊലീസിന്റെ നിഗമനം.

മലയാളികൾക്ക് പങ്കുണ്ടെന്നും പൊലീസ് സംശയിക്കുന്നു. തട്ടിപ്പ് നടത്തിയ ക്യാപിറ്റാലെക്‌സ് എന്ന സ്ഥാപനത്തിനെതിരെ ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലും പരാതി ലഭിച്ചിട്ടുള്ളതായി സൂചനകളുണ്ട്. ദുബായ് അടക്കമുള്ള ചില വിദേശ രാജ്യങ്ങളിലും കമ്പനിക്കെതിരെ കേസുണ്ടെന്ന് സൈബര്‍ പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.

ഓണ്‍ലൈന്‍ ട്രേഡിങ് വഴി എറണാകുളം സ്വദേശിയില്‍ നിന്ന് 26 കോടി രൂപ ഓണ്‍ലൈന്‍ തട്ടിപ്പ് സംഘം തട്ടിയെടുത്തിരുന്നു. സംഭവത്തില്‍ കൊച്ചി സിറ്റി സൈബര്‍ സെല്ലാണ് അന്വേഷണം നടത്തി വരുന്നത്. അന്വേഷണത്തില്‍ ഡാനിയേല്‍ എന്ന വ്യക്തിയെ പ്രതി ചേര്‍ത്തിരുന്നു. ഡാനിയേൽ എന്നത് ഇയാളുടെ യഥാർത്ഥ പേരാണോ എന്ന കാര്യത്തിലും സംശയമുണ്ട്.

ഓഹരിവിപണിയിൽ സജീവമായി ഇടപെടുന്ന നാൽപ്പത്തൊന്നുകാരനാണ് തട്ടിപ്പിന് ഇരയായത്. വാട്‌സാപ് വഴിയാണ് പ്രതികൾ ആദ്യം ബന്ധപ്പെട്ടത്. പിന്നീട് ടെലിഗ്രാം വഴിയും സമ്പർക്കം പുലർത്തി. വിപണിമൂല്യമുള്ള കമ്പനികളുടെ ഓഹരി ചെറിയ തുകയ്ക്ക് വാങ്ങിനൽകാമെന്നും വൻതുക ലാഭമായി ലഭിക്കുമെന്നുമായിരുന്നു വാഗ്ദാനം.