ജമ്മു കശ്മീരിലെ ശ്രീനഗറില്‍ നവീകരിച്ച ഹസ്രത്ബാല്‍ പള്ളിയില്‍ സ്ഥാപിച്ച ശിലാഫലകത്തിലെ അശോക സ്തംഭം തകര്‍ത്തു. സംഭവത്തില്‍ പൊലീസ് കേസെടുത്തു. മുസ്ലീം ആരാധനാലയത്തില്‍ ദേശീയ ചിഹ്നങ്ങള്‍ വയ്ക്കാന്‍ പാടില്ലെന്ന് ആരോപിച്ചാണ് ഒരു സംഘം ആളുകളെത്തി ശിലാ ഫലകം തകര്‍ത്തത്.
സംഭവത്തില്‍ 26 പേരെ ജമ്മു കശ്മീര്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ശിലാഫലകം തകര്‍ക്കുന്ന സിസിടിവി ദൃശ്യങ്ങളും പൊലീസ് കണ്ടെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് 26 പേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്.
ആക്രമണത്തെ ന്യായീകരിച്ച് മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയും പിഡിപിയും രംഗത്തെത്തി. ഇതുവരെ ഒരു മത ചടങ്ങിലോ മതസ്ഥാപനത്തിലോ അശോക സ്തംഭത്തിന്റെ ചിഹ്നം ഉപയോഗിക്കുന്നത് കണ്ടില്ലെന്നും ഇവിടെ അത് സ്ഥാപിക്കേണ്ടതിന്റെ ആവശ്യകത എന്തായിരുന്നുവെന്നുവെന്നാണ് ഒമര്‍ അബ്ദുള്ള ചോദിച്ചത്.
പിഡിപി നേതാവ് മെഹ്ബൂബ മുഫ്തിയും മതവികാരം വ്രണപ്പെടുത്തിയതിനെതിരെ രംഗത്തെത്തി. ആരാധനാലയത്തിനുള്ളില്‍ ദേശീയ ചിഹ്നം വെച്ചത് മതനിന്ദയാണെന്നും മെഹ്ബൂബ മുഫ്തി ആരോപിച്ചു. ഇത് ഇസ്ലാമിക തത്വങ്ങള്‍ക്കും ആരാധനയ്ക്കും എതിരാണെന്നും മെഹ്ബൂബ മുഫ്തി പറഞ്ഞു.
അശോക സ്തംഭം തകര്‍ത്തതിനെതിരെ ജമ്മു കശ്മീര്‍ ഗവര്‍ണര്‍ മനോജ് സിന്‍ഹ രംഗത്തെത്തി. ഇത്തരം പ്രവൃത്തികള്‍ വെച്ചുപൊറുപ്പിക്കാന്‍ ആവില്ലെന്നും ഇതിനെതിരെ ശക്തമായ നടപടി എടുക്കുമെന്നുമാണ് മനോജ് സിന്‍ഹ പറഞ്ഞത്.