കൊച്ചി: മമ്മൂക്കയുടെ സിനിമാ ജീവിതത്തിലെ നിർണായക നിമിഷങ്ങൾ ഒപ്പിയെടുക്കുന്ന പ്രിൻ്റഡ് ഷർട്ടുമായി റിയാലിറ്റി ഷോ ആയ ബിഗ് ബോസ് മലയാളം സീസൺ 7ൻ്റെ പുത്തൻ എപ്പിസോഡിൽ പ്രത്യക്ഷപ്പെട്ട് മോഹൻലാൽ. മമ്മൂട്ടിയെന്ന മഹാനടൻ്റെ അഭിനയ മുഹൂർത്തങ്ങളുടെ സ്നാപ്പ് ഷോട്ടുകളാണ് ഈ ഷർട്ടിലുള്ളത്.
മമ്മൂട്ടിയുടെ പിറന്നാൾ ദിനം മോഹൻലാൽ തൂക്കിയെന്നാണ് ആരാധകരിൽ ചിലരുടെ കമൻ്റ്. “മമ്മുക്കയ്ക്ക് പിറന്നാളാശംസിക്കുന്ന മോഹൻ ലാലിന്റെ ഷർട്ടിലെ പ്രിന്റ് കണ്ടോ! എത്ര മനോഹരമായ നിമിഷങ്ങളാണിത്! ഇതുപോലെയുള്ള ബന്ധങ്ങളും സൗഹൃദങ്ങളുമാണ് ജീവിതത്തെ മനോഹരമാക്കുന്നത്” ഇരുവരുടേയും ആരാധകനായ ഒരാൾ ഫേസ്ബുക്കിൽ കുറിച്ചു.
“ഇതുപോലൊരു ഫ്രണ്ടിനെ കിട്ടിയത് മമ്മൂക്കയുടെ ഭാഗ്യം, ഇവരുടെ ഈ സ്നേഹം കാണുമ്പോൾ തന്നെ സന്തോഷം, ഈ ഡ്രസ്സ് കണ്ടാൽ അറിയാം മമ്മൂട്ടിയോടുള്ള ലാലേട്ടൻ്റെ ഇഷ്ടം,” എന്നിങ്ങനെ നിരവധി കമൻ്റുകളാണ് സോഷ്യൽ മീഡിയയിൽ വരുന്നത്.
സിനിമയ്ക്ക് പുറത്തും നല്ല സൗഹൃദം കാത്തുസൂക്ഷിക്കുന്ന താരങ്ങളാണ് മമ്മൂട്ടിയും മോഹൻലാലും. ഇരുവരും ഒരുമിച്ചുള്ള ഫോട്ടോകൾ മലയാളിക്ക് നല്ല രീതിയിൽ ഏറ്റെടുക്കാറുണ്ട്. ആരാധകരും സിനിമാപ്രേമികളും ഒരുപോലെ സ്നേഹിക്കുന്ന രണ്ട് അഭിനേതാക്കളുടെ സൗഹൃദം മലയാളികൾക്ക് സുപരിചിതമാണ്.
ഇന്ന് 74ാം ജന്മദിനം ആഘോഷിക്കുകയാണ് മലയാളത്തിൻ്റെ മെഗാ സ്റ്റാർ മമ്മൂട്ടി. ലോകമെങ്ങുമുള്ള മലയാളികൾ സമൂഹ മാധ്യമങ്ങളിലൂടെയും അല്ലാതെയും താര രാജാവിന് പിറന്നാൾ ആശംസകൾ നേരുന്ന തിരക്കിലാണ്. അതേസമയം, തനിക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന അതിരില്ലാത്ത സ്നേഹത്തിന് ആരാധകർക്കും ദൈവത്തിനും നന്ദിയറിയിച്ചിരിക്കുകയാണ് മമ്മൂക്ക. “Love and Thanks to All and The Almighty” എന്നാണ് മമ്മൂട്ടി ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നത്.
…