കൊച്ചി: മുംബൈ വിമാനത്താവളത്തിൽ തടഞ്ഞുവച്ച സംവിധായകൻ സനൽ കുമാർ ശശിധരനെ കൊച്ചിയിൽ എത്തിക്കും. നടി മഞ്ജു വാര്യരുടെ പരാതിയിലാണ് നടപടി. കൊച്ചിയിൽ എത്തിച്ച ശേഷം ചോദ്യം ചെയ്യുമെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ മാധ്യമങ്ങളോട് പറഞ്ഞു.
“സനൽകുമാറിനെ കസ്റ്റഡിയിൽ എടുക്കും. നടിയുടെ പരാതിയിൽ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പുടുവിച്ച പ്രകാരമാണ് സനൽ കുമാറിനെ മുംബൈ വിമാനത്താവളത്തിൽ വച്ച് തടഞ്ഞുവച്ചത്,” കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ പറഞ്ഞു.
മഞ്ജു വാര്യരുടെ പരാതിയിൽ കേസെടുത്തതിന് പിന്നാലെ സംവിധായകൻ സനൽകുമാർ ശശിധരൻ വിദേശത്തേക്ക് കടന്നിരുന്നു. ഇയാളെ പിടികൂടാൻ ശ്രമം നടത്തിയപ്പോഴാണ് വിദേശത്തേക്ക് കടന്നെന്ന് എളമക്കര പൊലീസ് വ്യക്തമാക്കിയിരുന്നു.
നടിയുടെ പരാതിയിൽ പൊലീസ് കേസെടുത്ത സാഹചര്യത്തിൽ ഫേസ്‌ബുക്കിൽ വിശദീകരണ കുറിപ്പും സനൽകുമാർ ശശിധരൻ പങ്കുവെച്ചിരുന്നു. “മഞ്ജു വാര്യരുടെ ജീവന് ആപത്തുണ്ട്. അക്കാര്യം അവരെ അറിയിക്കുകയാണ് ചെയ്തത്. ഇപ്പോഴും ഭയം മഞ്ജു വാര്യരുടെ കാര്യത്തിലാണ്. പൊതുസമൂഹം നിനക്ക് കാവൽ നിൽക്കട്ടെ,” എന്നിങ്ങനെ ആയിരുന്നു സംവിധായകൻ്റെ പ്രതികരണം.