തൃശൂർ: സ്വന്തം മകനെയും തന്റെ സ്ഥാപനത്തിലെ ജീവനക്കാരെയും നിയമക്കുരുക്കിൽപെടുത്തി അഴിക്കുള്ളിലാക്കാൻ ശ്രമിച്ച പൊലീസുകാർക്കെതിരെ നിയമയുദ്ധം നടത്തി, തനിക്കു നേരിടേണ്ടി വന്ന ദുരനുഭവം പുറംലോകത്തെ അറിയിക്കാൻ സാധിച്ചതിന്റെ സംതൃപ്തിയിലാണ് പട്ടിക്കാട്ട് ലാലീസ് ഗ്രൂപ്പ് ഉടമ കെ.പി.ഔസേഫ്.
പ്രതികാരബുദ്ധിയോടെ പൊലീസ് പ്രയോഗിച്ച അതേ നിയമങ്ങളുടെ പാതയിലായിരുന്നു ഔസേഫിന്റെയും പോരാട്ടം. കുന്നംകുളം പൊലീസ് സ്റ്റേഷനിലെ കസ്റ്റഡി മർദന ദൃശ്യത്തിനു പിന്നാലെ പുറത്തുവന്ന, പീച്ചി പൊലീസ് സ്റ്റേഷനിലെ പൊലീസ് മർദനത്തിന്റെ ദൃശ്യങ്ങളാണു കേരളം ഇപ്പോൾ ചർച്ച ചെയ്യുന്നത്. ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയവരും ജീവനക്കാരും തമ്മിലുണ്ടായ ചെറിയ വാക്കുതർക്കമാണ് പൊലീസ് സ്റ്റേഷനിലേക്കും മർദനത്തിലേക്കും പിന്നീട് വലിയ നിയമപോരാട്ടത്തിലേക്കും നീണ്ടത്.
2023 മേയ് 24നാണ് സംഭവങ്ങളുടെ തുടക്കം. പട്ടിക്കാട്ട് ലാലീസ് ഗ്രൂപ്പ് നടത്തുന്ന ഫുഡ് ആൻഡ് ഫൺ ഹോട്ടലിൽ, അന്ന് ഉച്ചയ്ക്ക് രണ്ടരയോടെ പാലക്കാട് വണ്ടാഴി സ്വദേശി ദിനേഷും സഹോദരിയുടെ മകനും ഭക്ഷണം കഴിക്കാനെത്തി. ഇരുവരും ബിരിയാണിയാണ് ഓർഡർ ചെയ്തത്. സഹോദരിയുടെ മകന് ഭക്ഷണം ഇഷ്ടപ്പെട്ടില്ലെന്നു പറഞ്ഞതോടെ ബാക്കി ഭാഗം പാഴ്സലെടുക്കാൻ ഇവർ പറഞ്ഞു. ഇതിനിടെ ഇക്കാര്യം പറഞ്ഞ് ഹോട്ടൽ ജീവനക്കാരുമായി തർക്കമുണ്ടായി. ഇതോടെ ഹോട്ടൽ മാനേജർ റോണി ജോണി സംഭവത്തിൽ ഇടപെട്ടു. തർക്കം രൂക്ഷമായതോടെ റോണി പൊലീസിൽ വിവരമറിയിക്കുകയും ചെയ്തു. എന്നാൽ ഏറെ നേരം കഴിഞ്ഞിട്ടും പൊലീസെത്തിയില്ല.
തുടർന്ന് ഇവർ പരാതി ഇമെയിലായി അയച്ചു. ഇതിന്റെ പകർപ്പ് നൽകാനായി റോണിയും ഡ്രൈവർ ലിതിൻ ഫിലിപ്പും കൂടി വൈകിട്ട് അഞ്ചു മണിയോടെ പീച്ചി പൊലീസ് സ്റ്റേഷനിലേക്കു പോയി. ഈ സമയം ദിനേഷും പരാതിയുമായി പൊലീസ് സ്റ്റേഷനിലെത്തിയിരുന്നു. ഹോട്ടൽ ജീവനക്കാർ മർദിച്ചെന്നും ബിരിയാണി ദേഹത്തേക്കിട്ടെന്നുമായിരുന്നു ദിനേഷിന്റെ പരാതി. ഇതോടെ, സ്റ്റേഷനിലെത്തിയ റോണിയെയും ലിതിനെയും എസ്‍എച്ച്ഒ പി.എം.രതീഷ് തടഞ്ഞുവച്ചെന്നും ഇവർക്കെതിരെ കേസെടുക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയും അടിക്കുകയും ചെയ്തെന്നും ഔസേഫ് പറയുന്നു. തുടർന്നാണ് ഔസേഫിനെ വിവരമറിയിക്കുന്നത്.
മകൻ പോൾ ജോസഫിനൊപ്പമാണ് താൻ സ്റ്റേഷനിലെത്തിയതെന്ന് ഔസേഫ് പറയുന്നു. ‘‘അവിടെവച്ച് ഞങ്ങളും എസ്എച്ച്ഒയും തമ്മിൽ തർക്കമുണ്ടായി. റോണിയെയും ലിതിനെയും പോളിനെയും ലോക്കപ്പിലടയ്ക്കുകയും കേസ് ഒത്തുതീർപ്പാക്കണമെന്നു നിർദേശിക്കുകയും ചെയ്തു. ഇല്ലെങ്കിൽ വധശ്രമത്തിനും ദിനേഷിന്റെ സഹോദരിയുടെ പ്രായപൂർത്തിയാകാത്തെ മകനെ ഉപദ്രവിച്ചെന്ന പേരിൽ പോക്സോ ചുമത്തിയും കേസിൽ കുടുക്കുമെന്നു ഭീഷണിപ്പെടുത്തി. പോക്സോ കേസ് ചുമത്തിയാൽ മൂന്നൂ മാസത്തിനു ശേഷമേ ജാമ്യം ലഭിക്കൂ എന്നും അതുകൊണ്ട് എത്രയും വേഗം പരാതിക്കാരനുമായി സംസാരിച്ച് ഒത്തുതീർപ്പാക്കണമെന്നുമായിരുന്നു എസ്എച്ച്ഒയുടെ ഭീഷണി.
അഞ്ചു ലക്ഷം രൂപ തന്നെങ്കിൽ മാത്രമേ പരാതി പിൻവലിക്കൂ എന്നായിരുന്നു ദിനേഷിന്റെ നിലപാട്. ഇതിൽ മൂന്നു ലക്ഷം രൂപ പൊലീസ് ഉദ്യോഗസ്ഥർക്കും രണ്ടു ലക്ഷം രൂപ തനിക്കുമെന്നായിരുന്നു ദിനേഷ് പറഞ്ഞത്. ഇതോടെ വീട്ടിലേക്കു വരാൻ ഞാൻ പറഞ്ഞു. തുടർന്ന് ദിനേഷ് സ്വന്തം കാറിൽ വീട്ടിലെത്തി. നാല് ലക്ഷം രൂപ നൽകിയിട്ട് ഇത്രയും മതിയോ എന്നു ചോദിച്ചെങ്കിലും തന്റെ സഹോദരി ആശുപത്രിയിലാണെന്നും പണത്തിന് ആവശ്യമുള്ളതിനാൽ അഞ്ചു ലക്ഷം തന്നെ വേണമെന്നും അയാൾ പറഞ്ഞു. തുടർന്ന് ഒരു ലക്ഷം രൂപ കൂടി നൽകി. സിസിടിവി ക്യാമറയ്ക്കു മുന്നിൽവച്ചാണ് ഔസേഫ് പണം കൈമാറിയത്. ഇതോടെ സ്റ്റേഷനിലെത്തി ദിനേഷ് പരാതി പിൻവലിച്ചു. പിന്നീട് അരമണിക്കൂറിനു ശേഷമാണ് റോണിയെയും ലിതിനെയും പോളിനെയും ലോക്കപ്പിൽനിന്ന് വിട്ടയച്ചത്.’’
പൊലീസ് സ്റ്റേഷനിൽ നേരിട്ട അതിക്രമത്തെക്കുറിച്ച് പിറ്റേ ദിവസം തന്നെ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകിയതായി ഔസേഫ് പറഞ്ഞു. ഇതിൽ നടപടിയുണ്ടാകാത്തതിനെ തുടർന്നാണ് സംസ്ഥാന വിവരാവകാശ കമ്മിഷനെ സമീപിച്ചത്. വിവരാവകാശ കമ്മിഷന്റെ ഉത്തരവിനെ തുടർന്ന് ഏകദേശം ഒരു വർഷം മുൻപാണ് പൊലീസ് സ്റ്റേഷനിലുള്ളിലെ സിസിടിവി ദൃശ്യങ്ങൾ ലഭിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ സിജിഎം കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം നടത്താൻ ഹൈക്കോടതി ഉത്തരവിടുകയും ചെയ്തിരുന്നു. ഇതു പുരോഗമിക്കുന്നതിനിടെയാണ് കുന്നംകുളം സ്റ്റേഷനിൽനിന്നുള്ള ദൃശ്യങ്ങളും പുറത്തുവന്നത്. ഇതോടെ, സമാന അനുഭവം നേരിട്ടതിന്റെ പശ്ചാത്തലത്തിലാണ് ഈ ദൃശ്യങ്ങളും പുറംലോകത്തെ കാണിച്ചത്. എസ്എച്ച്ഒ രതീഷ് കുറ്റക്കാരനാണെന്ന് കമ്മിഷണറുടെ അന്വേഷണ റിപ്പോർട്ടുണ്ടെങ്കിലും ഇതുവരെ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. അതിനാൽ ഔസേഫിന്റെ പോരാട്ടം തുടരുകയാണ്.