കോഴിക്കോട്: താമരശ്ശേരി ചുരം വീണ്ടും താല്‍ക്കാലികമായി അടച്ചു. കഴിഞ്ഞദിവസം റോഡിലേക്കു വീണ പാറക്കൂട്ടങ്ങളും മണ്ണും മരങ്ങളും നീക്കി ബുധനാഴ്ച രാത്രിയോടെ ഗതാഗതം ഭാഗികമായി പുനഃസ്ഥാപിച്ചെങ്കിലും വ്യാഴാഴ്ച പുലര്‍ച്ചെയുണ്ടായ മഴയില്‍ മണ്ണിടിഞ്ഞ ഭാഗത്തുനിന്നു കല്ലും മണ്ണും വീണ്ടും ഇടിഞ്ഞ സാഹചര്യത്തിലാണു തീരുമാനം. അടിവാരം ഭാഗത്തും വൈത്തിരി ഭാഗത്തും വാഹനങ്ങള്‍ തടയും.
ചുരത്തിലൂടെ പോകുന്ന വാഹനങ്ങളില്‍ കല്ലും മറ്റും പതിച്ച് അപകടമുണ്ടാകാവുന്ന സാഹചര്യം പരിഗണിച്ചാണ് ചുരത്തില്‍ വീണ്ടും നിയന്ത്രണം ഏര്‍പ്പെടുത്തിയത്. അടിവാരത്തും ലക്കിടി വ്യൂ പോയിന്റിലും ചുരം കവാടത്തോടു ചേര്‍ന്നുമാണു വാഹനങ്ങള്‍ തടഞ്ഞത്. ഇതറിയാതെ എത്തുന്ന നിരവധി വാഹനങ്ങള്‍ കൂടിയായതോടെ ഈ റോഡില്‍ ഗതാഗതക്കുരുക്കും അനുഭവപ്പെട്ടു. ആംബുലന്‍സ് ഉള്‍പ്പെടെയുള്ള എമര്‍ജന്‍സി വാഹനങ്ങള്‍ മാത്രം കടത്തിവിടാനാണു തീരുമാനം. ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ പേരാമ്പ്ര, കുറ്റ്യാടി വഴി വാഹനങ്ങള്‍ തിരിച്ചുവിട്ടു.