“ട്രംപിനെ കൊല്ലുക, ഇന്ത്യയെ ആണാവായുധം വെച്ച് ഇല്ലാതാക്കുക,”; യുഎസിൽ സ്കൂളിൽ വെടിവെപ്പ് നടത്തിയ അക്രമി തോക്കിൽ കുറിച്ച ഞെട്ടിക്കുന്ന വാചകങ്ങൾ

0
110

യുഎസ് മിനിയാപോളിസിൽ ഇന്നലെ രാവിലെയുണ്ടായ ക്രൂരമായ വെടിവെപ്പിൽ പൊലിഞ്ഞത് എട്ടും പത്തും വയസ് മാത്രം പ്രായമുള്ള രണ്ട് ജീവനുകളാണ്. കാത്തലിക് സ്കൂളിൽ പ്രാർഥന നടന്നുകൊണ്ടിരിക്കെയായിരുന്നു അക്രമി കുഞ്ഞുങ്ങൾക്ക് നേരെ നിർദയം വെടിയുതിർത്തത്.

23കാരനായ റോബിൻ വെസ്റ്റ്മാനാണ് ആക്രമണത്തിന് പിന്നിൽ. ഇയാൾക്ക് യാതൊരു ക്രിമിനൽ പശ്ചാത്തലവുമില്ലെന്നും ഒറ്റയ്ക്കായിരുന്നു ആക്രമണമെന്നും പൊലീസ് പറയുന്നു. ഇപ്പോഴിതാ അക്രമിയുടെ തോക്കിൽ എഴുതിയ വാചകങ്ങൾ പുറത്തുവന്നിരിക്കുകയാണ്.

“ട്രംപിനെ കൊല്ലുക, ഇന്ത്യയെ ആണാവായുധം വെച്ച് ഇല്ലാതാക്കുക,” പല തോക്കുകളിലായി അക്രമി കുറിച്ച വാക്കുകളാണിവ. ഈ മൂന്ന് തോക്കുകൾ ഉപയോഗിച്ച് തന്നെയാണ് അക്രമി സ്കൂളിൽ വെടിവെപ്പ് നടത്തിയതെന്നും അധികൃതർ പറയുന്നു. റോബർട്ട് എന്ന റോബിൻ, താനൊരു സ്ത്രീയാണെന്ന് തിരിച്ചറിഞ്ഞതിന് പിന്നാലെ പേര് മാറ്റുകയായിരുന്നെന്നാണ് കോടതി രേഖകൾ വ്യക്തമാക്കുന്നത്.

റോബിൻ വെസ്റ്റ്മാൻ ഡിലിറ്റ് ചെയ്ത യൂട്യൂബ് ചാനലിൽ പങ്കുവെച്ച വീഡിയോയിലാണ് തോക്കിൻ്റെ ദൃശ്യങ്ങളുള്ളത്. “റോബിൻ ഡബ്ല്യു” എന്ന പേരിലുള്ള യൂട്യൂബ് ചാനലിലാണ് റോബിൻ വീഡിയോകൾ പങ്കുവെച്ചിരുന്നത്. സൈറ്റ് അഡ്മിനിസ്ട്രേറ്റർമാർ ചാനൽ പിൻവലിക്കുന്നതിന് മുൻപായി രണ്ട് വീഡിയോകളാണ് ഇയാൾ പോസ്റ്റ് ചെയ്തത്. മൊബൈൽ ഫോണിൽ ചിത്രീകരിച്ച ഏകദേശം 10 മിനിറ്റ് ദൈർഘ്യമുള്ള വീഡിയോകളിൽ ഒന്നിൽ ആയുധങ്ങളുടെയും വെടിക്കോപ്പുകളുടെയും നിറച്ച മാഗസിനുകളുടെയും ഒരു ശേഖരം തന്നെ കാണാം.

“ഡൊണാൾഡ് ട്രംപിനെ കൊല്ലുക”, ” ട്രംപിനെ ഇപ്പോൾ തന്നെ കൊല്ലുക”, “ഇസ്രയേൽ വീഴണം”, “ഇസ്രയേലിനെ ചുട്ടുകളയുക” തോക്കിൻ്റെ മാഗസിനുകളിൽ ഇങ്ങനെ കുറിച്ചതായി കാണാം. നിങ്ങളുടെ ദൈവം എവിടെ എന്നും മാഗസിനിൽ ഇയാൾ എഴുതിയിട്ടുണ്ട്. മറ്റൊരു ആയുധത്തിൽ ഇന്ത്യയെ തകർക്കണമെന്നും കുറിച്ചിട്ടുണ്ട്. വെടിവെപ്പ് മൂലം ഉണ്ടാകാൻ പോകുന്ന നഷ്ടങ്ങൾക്ക് ക്ഷമാപണം നടത്തി, റോബിൻ തൻ്റെ കുടുംബത്തിന് എഴുതിയ ഒരു കത്തും വീഡിയോയിൽ ഉണ്ടായിരുന്നു.

ചാനലിലെ ഏകദേശം 20 മിനിറ്റ് ദൈർഘ്യമുള്ള രണ്ടാമത്തെ വീഡിയോയിൽ തൻ്റെ ജേണലാണ് റോബിൻ പങ്കുവെച്ചത്. 150-ലധികം പേജുകളുള്ള ആദ്യ വീഡിയോയിൽ, എല്ലാം സിറിലിക് അക്ഷരമാലയിൽ എഴുതിയിരിക്കുകയാണ്. രണ്ടാമത്തെ ജേണലാവട്ടെ 60-ലധികം പേജുകളുള്ളതും, പൂർണ്ണമായും സിറിലിക്കിലാണ് എഴുതിയതുമായിരുന്നു.

എന്തായാലും സംഭവത്തിൽ റോബിൻ ഒറ്റയ്ക്കാണെന്നും ഇയാൾക്ക് ക്രിമിനൽ പശ്ചാത്തലമില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥർ തറപ്പിച്ച് പറഞ്ഞു. ദുഃഖാചരണത്തിന്റെ ഭാഗമായി യുഎസ് പതാക രാജ്യവ്യാപകമായി പകുതി താഴ്ത്തിക്കെട്ടാൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഉത്തരവിട്ടിട്ടുണ്ട്. ജനുവരി മുതൽ രാജ്യത്ത് നടക്കുന്ന 146-ാമത്തെ വെടിവയ്പ്പാണ് അനൗൺസിയേഷൻ കാത്തലിക് സ്കൂളിലുണ്ടായതെന്നും റിപ്പോർട്ടുണ്ട്.