കൊച്ചി: മമ്മൂട്ടിയുടെ 74ാം ജന്മദിനത്തിൽ മകന്‍ ദുല്‍ഖര്‍ സല്‍മാന്‍ പങ്കുവെച്ച ലോക സിനിമയുടെ പോസ്റ്റര്‍ ചര്‍ച്ചയാകുന്നു.
‘മൂത്തോന്’ ജന്മദിനാശംസകള്‍ എന്നാണ് പോസ്റ്ററിലെ വാചകങ്ങള്‍. ‘ലോക’ സിനിമയിലെ ‘മൂത്തോൻ’ മമ്മൂട്ടിയാണെന്ന സൂചന നൽകുകയാണ് പോസ്റ്ററിലൂടെ എന്നാണ് സമൂഹമാധ്യമങ്ങളിലെ സംസാരം. പോസ്റ്റര്‍ നിമിഷ നേരം കൊണ്ട് വൈറലാകുകയും ചെയ്തു. മമ്മൂട്ടിയുടെ മുഖം വ്യക്തമാകാത്ത പ്രത്യേക പോസ്റ്ററാണ് ദുൽഖർ പുറത്തുവിട്ടിരിക്കുന്നത്.
ദുല്‍ഖര്‍ സല്‍മാന്റെ വേ ഫെയറർ ഫിലിംസ് നിര്‍മ്മിച്ച‘ലോക’ എന്ന സിനിമയില്‍ ഒരേയൊരു ഡയലോഗ് മാത്രമുണ്ടായിരുന്ന കാമിയോ റോളാണ് ‘മൂത്തോന്റേ’ത്. കഥാപാത്രത്തിന്റെ കൈ മാത്രമാണ് സിനിമയിൽ കാണിച്ചത്.
കയ്യും ശബ്ദവും നിരീക്ഷിച്ച് കഥാപാത്രം അവതരിപ്പിക്കുന്നത് മമ്മൂട്ടിയാവാമെന്ന തിയറികൾ സമൂഹമാധ്യമങ്ങളിൽ സജീവമായിരുന്നു. വളരെ സസ്പെൻസ് ആക്കി വെച്ചിരുന്ന കഥാപാത്രമായിരുന്നു ‘മൂത്തോൻ’. വരും ഭാഗങ്ങളില്‍ മൂത്തോനെ കാണാനാകുമെന്നാണ് കരുതപ്പെടുന്നത്.
അതേസമയം ചരിത്രവിജയം നേടി റിലീസിങ് കേന്ദ്രങ്ങളിൽ മുന്നേറുകയാണ് കല്യാണി പ്രിയദർശനെ നായികയാക്കി ഡൊമിനിക് അരുൺ സംവിധാനം ചെയ്ത ‘ലോക: ചാപ്റ്റര്‍ വണ്‍- ചന്ദ്ര’. നസ്ലിന്‍, ചന്തു സലിം കുമാര്‍, അരുണ്‍ കുര്യന്‍ എന്നിവരും പ്രധാനവേഷങ്ങളിലുണ്ട്.