റിയാദ്: സഊദിയിലെ ത്വായിഫ് അമ്യുസ്മെന്റ് പാർക്കിൽ നടന്ന ദുരന്തത്തിൽ ഗുരുതര പരിക്കേറ്റ ഒരു കുട്ടി മരിച്ചു. ഗ്രീൻ മൗണ്ടൻ ഗെയിം കളിക്കുന്നതിനിടെ ഉണ്ടായ പരിക്കിനെ തുടർന്ന് ചികിത്സയിൽ കഴിഞ്ഞിരുന്ന വാദ അയദ് അൽ ഫഹ്മി എന്ന കുട്ടിയാണ് മരിച്ചത്.
പെൺകുട്ടിയുടെ ബന്ധുക്കളിൽ ഒരാളായ അയദ് അൽ ഫഹ്മിയാണ് മരണ വിവരം പുറത്ത് വിട്ടത്. “ഗ്രീൻ മൗണ്ടൻ ഗെയിമിൽ പരിക്കേറ്റതിനെ തുടർന്ന് വാദ അൽ ഫഹ്മി മരിച്ചു. ദൈവത്തോട് കരുണ കാണിക്കാനും ക്ഷമിക്കാനും ഞാൻ അപേക്ഷിക്കുന്നു.” അദ്ദേഹം സോഷ്യൽ മീഡിയയിൽ കുറിച്ചു.
ഇക്കഴിഞ്ഞ ജൂലൈ 30 നാണ് തായിഫിലെ പ്രസിദ്ധമായ അൽ ഹദ പ്രദേശത്തെ ഗ്രീൻ മൗണ്ടൻ പാർക്കിനുള്ളിൽ റൈഡിനിടെ യന്ത്ര ഊഞ്ഞാൽ തകർന്ന് ആളുകൾ തെറിച്ചു പോയത്. സംഭവത്തിൽ നിരവധി പേർക്ക് പരിക്ക് പറ്റിയിരുന്നു. ഇവരിൽ ചിലരുടെ നില ഗുരുതരമാണെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
റൈഡിൽ നിരവധി യുവാക്കളും സ്ത്രീകളും ആടി ഉല്ലസിക്കുന്നതിനിടെ റൈഡിന്റെ മുകൾഭാഗം പെട്ടെന്ന് ഒടിഞ്ഞ് നിലത്തു വീഴുകയായിരുന്നു. 360 ഡിഗ്രി റൈഡിൽ റൈഡറിന്റെ തൂൺ അമിത വേഗതയിൽ പിന്നിലേക്ക് ഒടിഞ്ഞു മറിയുകയായിരുന്നു.
റൈഡിനുള്ളിൽ ഇരിക്കുന്നവർ വീണതിനെ തുടർന്നും വിവിധ പരിക്കുകൾ സംഭവിച്ചു. അപകടത്തിൽ പരിക്കേറ്റ പെൺകുട്ടിയുടെ കാൽ മുറിച്ചുമാറ്റിയതായി റിപ്പോർട്ട് ഉണ്ട്.
ഞെട്ടിക്കുന്ന വീഡിയോ ഉൾപ്പെടുന്ന അന്നത്തെ റിപ്പോർട്ട് താഴെ ലിങ്കിൽ 👇





